Asianet News MalayalamAsianet News Malayalam

മാമോദീസയ്ക്കിടെ കുഞ്ഞ് മരിച്ചു; ചടങ്ങുകളില്‍ മാറ്റം വേണമെന്ന് റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍

റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ആചാരരീതിയനുസരിച്ച് നവജാത ശിശുവിനെ മൂന്ന് തവണ ജലത്തില്‍ തലകീഴായി മുക്കിയെടുത്താണ് മാമോദീസ നടത്തുന്നത്.

six-week-old baby dies  after a baptism ceremony believers calls for change in Romania
Author
Romania, First Published Feb 7, 2021, 2:57 PM IST

മാമോദീസ ചടങ്ങിനിടെ ആറു ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചതിന് പിന്നാലെ ചടങ്ങുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍. ഇത്തരം ആചാരങ്ങള്‍ വീണ്ടും ദുരന്തങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ വിശ്വാസികള്‍ മുതല്‍ ഓര്‍ത്തഡോക്സ് വിഭാഗം ആര്‍ച്ച് ബിഷപ്പുമാര്‍ വരെയുണ്ട്. റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ആചാരരീതിയനുസരിച്ച് നവജാത ശിശുവിനെ മൂന്ന് തവണ ജലത്തില്‍ തലകീഴായി മുക്കിയെടുത്താണ് മാമോദീസ നടത്തുന്നത്.  

അടുത്തിടെ മാമോദീസയ്ക്ക് പിന്നാലെ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞ് മരിച്ചതെന്നും കുഞ്ഞിന്‍റെ ആന്തരികാവയവങ്ങളില്‍ നിന്ന് വെള്ളം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്പിന്നാലെയാണ് 60000ത്തോളം ആളുകള്‍ ആചാരരീതികളില്‍ മാറ്റം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുള്ളത്. ആര്‍ജസിലെ ആര്‍ച്ച് ബിഷപ്പ് കാലിനിക് ആണ് മാറ്റങ്ങള്‍ ആവശ്യപ്പെട്ട് വിശ്വാസികളെ പിന്തുണയ്ക്കുന്നവരിലെ പ്രധാനി. കുഞ്ഞിനെ പൂര്‍ണമായി വെള്ളത്തില്‍ മുക്കിപ്പൊക്കിയെടുക്കുന്ന രീതിക്ക് വ്യത്യാസം വേണമെന്ന് ആര്‍ച്ച് ബിഷപ്പ് കാലിനിക് ആവശ്യപ്പെടുന്നത്.

ശ്രദ്ധാപൂര്‍വ്വമുള്ള നടപടി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ബിബിസിയോട് പ്രതികരിച്ചു. വടക്കുകിഴക്കന്‍ അര്‍മേനിയയിലെ സുസീവയില്‍ നടന്ന മാമോദീസ ചടങ്ങിനെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തിലെ വലിയൊരുപക്ഷം ആളുകളും കുഞ്ഞിനെ തലകീഴായി വെള്ളത്തില്‍ മുക്കിയെടുക്കുന്ന ചടങ്ങിന് എതിരായാണ് നിലപാട് എടുക്കുന്നത്. എന്നാല്‍ സഭയിലെ യാഥാസ്ഥിതിക വിഭാഗം ആചാരങ്ങളെ മുറുകെ പിടിക്കുകയാണ്. യേശുക്രിസ്തു വെള്ളത്തിലിറങ്ങി നിന്നാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് കാലിനിക് ചൂണ്ടിക്കാണിക്കുന്നു.

കാലാനുസൃതമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ പരമ്പരാഗതമായ രീതി പിന്തുടരുന്ന വിഭാഗമാണ് റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിഭാഗം. മുതിര്‍ന്നവരിലെ മാമോദീസയ്ക്ക് പൂര്‍ണമായും ജലത്തില്‍ മുക്കാമെന്നും നവജാതശിശുക്കള്‍ക്ക് മറ്റ് രീതികള്‍ അവലംബിക്കണമെന്നുമുള്ള ആഴശ്യം വിശ്വാസികള്‍ക്കിടയില്‍ വ്യാപകമാവുന്നുണ്ട്. കൊവിഡ് രൂക്ഷമായ സമയത്ത് സ്ഥിരമായി പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ റൊമേനിയയിലെ ഓര്‍ത്തഡോക്സ് വിഭാഗം ഏറെ വിമര്‍ശനം രാജ്യാന്തരതലത്തില്‍ ഏറ്റുവാങ്ങിയിരുന്നു. 

Follow Us:
Download App:
  • android
  • ios