ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ റോഡിലെ ഫ്രീ വേയിൽ പറന്നിറങ്ങിയ വിമാനം ഇടിച്ച് കാർ അപകടത്തിൽപ്പെട്ടെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഫ്ലോറിഡ: ഫ്ലോറിഡയിൽ സാങ്കേതിക തകരാറിനെത്തുകർന്ന് വിമാനം റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. അമേരിക്കയിലെ ഫ്ലോറിഡയിൽ മെറിറ്റ് ഐലൻഡിലെ ഇന്റർസ്റ്റേറ്റ് -95 ഹൈവേയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ റോഡിലെ ഫ്രീ വേയിൽ പറന്നിറങ്ങിയ വിമാനം ഇടിച്ച് കാർ അപകടത്തിൽപ്പെട്ടെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിക്സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 ചെറുവിമാനമാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.45 ഓടെ യന്ത്രത്തകരാറിനെ തുടർന്ന് റോഡിൽ എമർജൻസി ലാൻഡിങ് നടത്തിയത്.
ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് തൊട്ടുമുമ്പ് എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാൻഡിങ് നടത്തുന്നതിനിടെ വിമാനം ഇടിച്ച് ഒരു കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാറിൽ തട്ടുകയായിരുന്നു. അടിയന്തര ലാൻഡിംങിന്‍റെ വിശദാംശങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. എഞ്ചിൻ തകരാറ് സംബന്ധിച്ചും, ക്രാഷ് ലാൻഡിംഗിന് കാരണമായ സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.


