ജറുസലേം: ഇസ്രയേല്‍ ജയിലുകളില്‍ ഭര്‍ത്താക്കന്മാരെ സന്ദര്‍ശിക്കുന്നതില്‍ ഭാര്യമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍. ജയിലില്‍ തടവില്‍ കഴിയുന്ന പുരുഷന്മാരുടെ ബീജം രഹസ്യമായി ജയിലിന് പുറത്ത് എത്തിച്ച് സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇത്.  2012 ന് ശേഷം ഇത്തരത്തില്‍  'പുരുഷ ബീജം' കള്ളക്കടത്ത് നടത്തി 70 സ്ത്രീകള്‍ എങ്കിലും അമ്മമാരായി എന്നാണ് ഇസ്രയേല്‍ അന്വേഷണം വ്യക്തമാക്കുന്നത്. ഇതോടെയാണ് നിയന്ത്രണം. തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട വാലിദ് ദഖ എന്നയാളുടെ ഭാര്യ സനാ സല്‍മ കുട്ടിക്ക് ജന്മം നല്‍കുകയും ഇത് വന്‍ വാര്‍ത്തയാകുകയും ചെയ്തതോടെയാണ്  'പുരുഷ ബീജം' കള്ളക്കടത്തിന്‍റെ സംഭവം പുറംലോകം അറിയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലുകളാണ് തങ്ങളുടെത് എന്നാണ് ഇസ്രയേല്‍ അധികൃതരുടെ അവകാശവാദം. അതിന് കടക വിരുദ്ധമാണ് സംഗതികള്‍. ഇസ്രയേലിയന്‍ മാധ്യമത്തില്‍ വന്ന സനാ സല്‍മയുടെ സംഭവം ഇങ്ങനെ, സ്രയേലി ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന വാലിദ് ദഖയുടെ ഭാര്യയാണ് സല്‍മ. ഇവര്‍ മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുട്ടിക്ക് ജന്മം നല്‍കി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ വാലിദ് ദഖ ഇപ്പോഴും ജയിലിലാണ് പിന്നെ എങ്ങനെ ഇവര്‍ കുട്ടിക്ക് ജന്മം നല്‍കി എന്ന അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് എത്തിച്ചത്.

1986 ഇസ്രയേല്‍ സൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് വാലിദ് ദഖ ജീവപര്യന്ത ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ജയിലിലായ ദഖ അവിടെ ജയില്‍ പുള്ളികളെക്കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ വന്ന  സനാ സല്‍മ എന്ന മാധ്യമപ്രവര്‍ത്തകയെ കാണുന്നതും പരിചയപ്പെടുന്നതും. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 13 കൊല്ലത്തിന് ശേഷമായിരുന്നു അത്. പിന്നീട് ഇവര്‍ അടുത്തു. പ്രത്യേക അനുമതിയോടെ 1999ല്‍ ജയിലിലുള്ള വാലിദ് ദഖയും പുറത്തുള്ള സനായും തമ്മില്‍ വിവാഹം നടന്നു. എന്നാല്‍ ഒന്നിച്ചുള്ള ജീവിതം ഇരുവരുടെയും വിദൂരമായ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. എങ്കിലും ഒരു കുട്ടി എന്നത് ഇവര്‍ എന്നും താലോലിച്ച ഒരു സ്വപ്നമായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇവര്‍ പദ്ധതികള്‍ തയ്യാറാക്കി. വാലിദ് ദഖയുടെ ബീജം പുറത്ത് എത്തിച്ച്, കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ സംയോജിപ്പിച്ച് സന ഗര്‍ഭിണിയാകുക എന്നതായിരുന്നു പദ്ധതി. 2012 മുതല്‍ ഇത്തരം ഒരു കാര്യം ഇസ്രയേല്‍ ജയിലുകളില്‍ നടക്കുന്ന കാര്യം ദഖയും മനസിലാക്കി. ആ മാര്‍ഗ്ഗം അയാള്‍ നടപ്പിലാക്കി. ഗുളികക്കുള്ളിലാക്കിയ പുരുഷ ബീജമാണ് ഇസ്രയേലി ജയിലിന് പുറത്തേക്ക് അവര്‍ എത്തിച്ചു. നസ്രേത്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹായത്തില്‍ ദഖയുടെ ബീജം സനാക്കുള്ളിലെത്തിച്ചു. 13 ആഴ്ചകള്‍ക്ക് ശേഷം ആ സന്തോഷ വാര്‍ത്ത അവര്‍ അറിഞ്ഞു. സനാ ഗര്‍ഭിണിയാണ്. ഒൻപത് മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അവള്‍ മിലാദ് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിജയകരമായ പ്രസവത്തിന് ശേഷമാണ് ഇവര്‍ ഒരു മാധ്യമ അഭിമുഖത്തില്‍ എല്ലാം പറഞ്ഞത് ഇതോടെയാണ് ഇത്രയും കാലമായി നടന്ന  'പുരുഷ ബീജം' കള്ളക്കടത്ത്  ഇസ്രയേല്‍ അറിഞ്ഞത്.

ഈച്ചപോലും കടക്കില്ലെന്ന് ഇസ്രയേല്‍ കരുതിയ ജയിലുകളില്‍ നിന്നും ഇത്തരം ഒരു സുരക്ഷ വീഴ്ച ഉണ്ടായത് അധികൃതരെ വലുതായി മാറ്റി ചിന്തിപ്പിച്ചിട്ടഉണ്ട്. അതിനാലാണ്, ജയില്‍ സന്ദര്‍ശകരുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇസ്രയേല്‍ തീരുമാനിക്കുന്നതും.