മഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിനെയും കൊവിഡ് 19 ദുരന്തഭൂമിയാക്കുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ചൈനയെയും മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 738 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 3434 ആയി ഉയര്‍ന്നു. 3281 പേരാണ് ചൈനയില്‍ ഇതുവരെ രോഗബാധയേറ്റ് മരിച്ചത്. 47,610 പേരാണ് സ്‌പെയിനില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ 11ാം ദിവസവും സ്‌പെയിനില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. 5552 പേര്‍ക്കാണ് സ്‌പെയിനില്‍ 24മണിക്കൂറിനുള്ളില്‍ പുതിയതായി രോഗം ബാധിച്ചത്. 

ഇറ്റലിയിലും മരണസംഖ്യ ഉയരുകയാണ്. 6820 പേരാണ് ഇതുവരെ മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയില്‍ 422 പേരാണ് മരിച്ചത്. യൂറോപ്പില്‍ മാത്രം മരണസംഖ്യ 8000 കടന്നു. ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 20000ത്തിനടുത്തെത്തി. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 19,603 പേര്‍ മരിച്ചു.