വീഡിയോയില്‍, ഒരു കൂറ്റന്‍ പാറയിടുക്കിലൂടെ അന്‍തര്‍ മുകളിലേക്ക് കയറുന്നത് കാണാം. ഒരു കൈ മാത്രം പാറയില്‍ ഉറപ്പിച്ചു നിര്‍ത്തി മറുകൈ വായുവില്‍ വീശി അഭ്യാസം കാണിക്കുന്നതിനിടെ വലതുകൈയിലെ പിടി അയയുകയും കുത്തനെയുള്ള ഗര്‍ത്തത്തിലേക്ക് വീഴുകയുമായിരുന്നു.

സന്‍ആ: അപകടകരമായ മലനിരകള്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ കീഴടക്കി സോഷ്യല്‍ മീഡിയയില്‍ യമനിലെ 'സ്‌പൈഡര്‍മാന്‍' എന്നറിയപ്പെടുന്ന യുവാവ് അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ വീണു മരിച്ചു. മുപ്പതുകാരനായ അല്‍ ഖാഖാ ഇബ്‌നു അന്‍തര്‍ ആണ് സാഹസികമായ മലകയറ്റത്തിനിടെ ദാരുണമായി മരിച്ചത്. യമനിലെ തെക്കന്‍ പ്രവിശ്യയായ ദാലെയിലെ വിനോദസഞ്ചാര കേന്ദ്രമായ ഹര്‍ദ ഡാം അഗ്‌നിപര്‍വ്വത ഗര്‍ത്തം കീഴടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

120 മീറ്ററോളം ആഴമുള്ള അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിന്റെ കുത്തനെയുള്ള പാറയിടുക്കിലൂടെ സുരക്ഷാ ബെല്‍റ്റോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെ നടന്നുകയറാനായിരുന്നു അന്‍തറിന്റെ ശ്രമം. ഒരൊറ്റ കൈ മാത്രം ഉപയോഗിച്ച് മുകളിലേക്ക് നടന്നുകയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യമന്‍ സിവില്‍ ഡിഫന്‍സ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

പുറത്തുവന്ന വീഡിയോയില്‍, ഒരു കൂറ്റന്‍ പാറയിടുക്കിലൂടെ അന്‍തര്‍ മുകളിലേക്ക് കയറുന്നത് കാണാം. ഒരു കൈ മാത്രം പാറയില്‍ ഉറപ്പിച്ചു നിര്‍ത്തി മറുകൈ വായുവില്‍ വീശി അഭ്യാസം കാണിക്കുന്നതിനിടെ വലതുകൈയിലെ പിടി അയയുകയും കുത്തനെയുള്ള ഗര്‍ത്തത്തിലേക്ക് വീഴുകയുമായിരുന്നു.

YouTube video player

അപകടവിവരമറിഞ്ഞ് ഡൈവര്‍മാരും രക്ഷാപ്രവര്‍ത്തകരും അടങ്ങുന്ന വലിയൊരു സംഘം സ്ഥലത്തെത്തി. കുത്തനെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. നാല് മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവില്‍, ഗര്‍ത്തത്തിന്റെ അടിത്തട്ടിലെ തടാകത്തില്‍ 30 മീറ്റര്‍ ആഴത്തില്‍ നിന്നാണ് അന്‍തറിന്റെ മൃതദേഹം കണ്ടെടുത്തത്.

യമനിലെ ഏറ്റവും ദുര്‍ഘടമായ മലനിരകളില്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഫ്രീ-ക്ലൈംബിങ് നടത്തിയാണ് അന്‍തര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായത്. ജീവന്‍ പണയം വെച്ചുള്ള ഇയാളുടെ സാഹസിക വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. ഒരു പാറക്കെട്ടിന്റെ അരികില്‍ വെറും കൈകളില്‍ തൂങ്ങിക്കിടക്കുന്ന അന്‍തറിന്റെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു.

യമനിലെ ദാലെ പ്രവിശ്യയിലെ ദാമ്ത് നഗരത്തിന് സമീപമാണ് പ്രശസ്തമായ ഹര്‍ദ ഡാം. ഇത് സജീവമല്ലാത്ത അഗ്‌നിപര്‍വ്വത ഗര്‍ത്തമാണ്. കുത്തനെ പാറക്കെട്ടുകള്‍. ഈ ഗര്‍ത്തത്തിന്റെ അടിവാരത്തില്‍ ചൂടുള്ള സള്‍ഫര്‍ അടങ്ങിയ ഒരു തടാകമുണ്ട്. ഈ പ്രകൃതിഭംഗി കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.