ഓസ്ട്രേലിയയിലെ കനത്ത വെള്ളപ്പൊക്കത്തില്‍ വലയുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മാര്‍ച്ച് 18ന് ആരംഭിച്ച മഴ ശമിക്കാതിരുന്നതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ തേടി പരക്കം പായുന്ന ചിലന്തിയും പാമ്പുമടക്കമുള്ള ജീവികളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഉയര്‍ന്നുവരുന്ന വെള്ളത്തില്‍ രക്ഷനേടാന്‍ പരക്കം പായുന്ന നൂറുകണക്കിന് ചിലന്തികളുടെ ദൃശ്യങ്ങളും  ഇതിനോടകം വൈറലായിക്കഴിഞ്ഞു.

 

മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. സിഡ്നിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.സിഡ്നി നഗരപ്രാന്തത്തിലെ വാറഗാംബ ഡാം 95 ശതമാനവും നിറഞ്ഞിരിക്കുകയാണെന്നും മഴ തുടര്‍ന്നാല്‍ ഡാം തുറന്ന് വിടേണ്ടി വരുമെന്നും നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ എന്തുമാത്രം നാശനഷ്ടമുണ്ടായെന്ന് കണക്കാക്കിയിട്ടില്ല.

 

മഴയോടൊപ്പം കനത്ത കാറ്റ് വീശുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. സിഡ്നിയുടെ മധ്യ-വടക്കൻ തീരത്തിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ പാലായനം ചെയ്യേണ്ട അവസ്ഥയിലേക്ക് വെള്ളപ്പൊക്കം എത്തിയിരുന്നു. സിബിഡി, താരി എസ്റ്റേറ്റ്, ഡുമറെസ്ക് ദ്വീപ്, കൌണ്ട്‌ടൌൺ. പോർട്ട് മക്വാരി, കെംപ്‌സി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.