പെൺചിലന്തികളാണ് കോളനികള്‍ നിർമിക്കാൻ മുൻകൈയെടുക്കുക. ഇവര്‍ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യും.
ബ്രസീലിയ: നൂറുകണക്കിന് ചിലന്തികള്‍ ഒരൊറ്റ വലയിൽ എത്തുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. മീനസ് ഗെരേയിലെ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. ആകാശത്തുനിന്ന് ചിലന്തിമഴ പെയ്യുന്നതുപോലെയായിരുന്നു കാഴ്ച. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചു. നൂറുകണക്കിന് ചിലന്തികൾ ഒരൊറ്റ വലയിൽ പ്രത്യക്ഷപ്പെട്ടത് ചിലന്തികൾ പറന്ന് നടക്കുന്നത് പോലെ തോന്നി. എന്നാൽ, തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്‌റോണ്‍ പസ്സോസ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
നിരവധി ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനു കാരണം. ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിൽ അസാധാരണത്വമൊന്നമില്ലെന്നും അവർ പറഞ്ഞു. സാധാരണഗതിയില്‍ ചിലന്തികൾ കൂട്ടമായി താമസിക്കാറില്ല. ഒറ്റക്ക് ജീവിക്കാനാണ് ചിലന്തികൾ താൽപര്യപ്പെടുക. എങ്കിലും ചില വര്‍ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആര്‍ക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു.
പെൺചിലന്തികളാണ് കോളനികള്‍ നിർമിക്കാൻ മുൻകൈയെടുക്കുക. ഇവര്‍ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യും. ഇണചേരലിനുശേഷം ഇവര്‍ പിരിഞ്ഞുപോകുന്നതാണ് പതിവ്. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
