കൊളംബോ: ഗോവധം നിരോധിക്കാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം, ബീഫ് കഴിക്കുന്നവര്‍ക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം. തിങ്കളാഴ്ചയാണ് ഗോവധം നിരോധിക്കാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ തീരുമാനം നിയമമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വക്താവും മാസ് മീഡിയ മന്ത്രിയുമായ കെഹലിയ റംബുക്വെല്ല പറഞ്ഞു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്.

ഗോവധ നിരോധനം നടപ്പാക്കാനായി ആനിമല്‍ ആക്ട്, ഗോവധ ഓര്‍ഡിനന്‍സ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ബീഫ് ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തേണ്ടതില്ലെന്നും ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക മേഖലയാണ് രാജ്യത്തിന്റെ നട്ടല്ലെന്നും ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതില്‍ കന്നുകാലി സമ്പത്തിന്റെ പങ്ക് വലുതാണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.

പാരമ്പര്യ കാര്‍ഷികവൃത്തിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന വ്യാപക പരാതിയുയര്‍ന്നതിനാലാണ് ഗോവധം നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2012ലെ സെന്‍സസ് അനുസരിച്ച് രണ്ട് കോടി ജനങ്ങളാണ് ശ്രീലങ്കയില്‍ ഉള്ളത്. ഇതില്‍ 70.10 ശതമാനം ബുദ്ധമത വിശ്വാസികളും 12.58 ശതമാനം ഹിന്ദുക്കളും 9.66 ശതമാനം മുസ്ലീങ്ങളും 7.62 ശതമാനം കൃസ്ത്യാനികളുമാണ്.