മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ശ്രീലങ്ക രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 25 ശതമാനം വർധനവ് വരുത്തിയതോടെ ഉപഭോഗം കുറയ്ക്കാൻ റേഷനിംഗും ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനവും ഏർപ്പെടുത്തി.
കൊളംബോ: മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിച്ചതോടെ ഇന്ധന വില 25 ശതമാനം വർധിപ്പിച്ച് ശ്രീലങ്ക. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വർധനവാണ് ഉണ്ടായത്. സാധാരണ പെട്രോളിന് ലിറ്ററിന് 317 രൂപയിൽ നിന്ന് 398 രൂപയായി വർദ്ധിപ്പിച്ചു. അതേസമയം, പൊതുഗതാഗതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന് 79 രൂപ ഉയർന്ന് 382 ശ്രീലങ്കൻ രൂപയായി. കഴിഞ്ഞ ആഴ്ച, ഇന്ധന വിലയിൽ എട്ട് ശതമാനം വർദ്ധനവ് വരുത്താൻ ഉത്തരവിടുകയും ഉപഭോഗം പരിമിതപ്പെടുത്തുന്നതിനായി റേഷനിംഗ് ഏർപ്പെടുത്തുകയും ചെയ്തു. പുതിയ വർദ്ധനവോടെ ഇന്ധന ഉപഭോഗത്തിൽ 15 മുതൽ 20 ശതമാനം വരെ കുറവ് കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് സിലോൺ പെട്രോളിയം കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ദ്വീപിന്റെ ഊർജ്ജ വിതരണത്തെ ബാധിച്ചേക്കാവുന്ന ദീർഘകാല സംഘർഷത്തിന് രാജ്യം തയ്യാറാകണമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകേ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനം ഏർപ്പെടുത്താൻ പ്രസിഡന്റ് ഉത്തരവിട്ടു. സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ശ്രീലങ്കയിലേക്കുള്ള എണ്ണ വരവിൽ കുത്തനെ ഇടിവുണ്ടായത്. ശ്രീലങ്ക മുഴുവൻ എണ്ണയും ഇറക്കുമതി ചെയ്യുകയും വൈദ്യുതി ഉൽപാദനത്തിനായി കൽക്കരി വാങ്ങുകയും ചെയ്യുന്ന രാജ്യമാണ്. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നു.
