Asianet News MalayalamAsianet News Malayalam

Sri Lanka: റെനില്‍ വിക്രമസിംഗെ പ്രസിഡന്‍റായി തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധമെന്ന് പ്രക്ഷോഭകര്‍

സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് വീണ്ടും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും പ്രക്ഷോഭകര്‍ രംഗത്തെത്തി.  
 

sri lanka protestors said that if renil wickramasinghe continues as the president there will be severe protest
Author
Sri Lanka, First Published Jul 17, 2022, 6:22 PM IST

കൊളംബോ: ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രസിഡന്‍റായി തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് പ്രക്ഷോഭകര്‍. സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് വീണ്ടും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും പ്രക്ഷോഭകര്‍ രംഗത്തെത്തി.  

ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്നാണ്  പ്രക്ഷോഭകർ ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. 

ഇതിനിടെ റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാർ നടപടി തുടങ്ങി. സമാധാനപരമായ അധികാരമാറ്റത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് ശ്രീലങ്കയിലെ യുഎന്‍ പ്രതിനിധി ഹനാ സിംഗര്‍ വ്യക്തമാക്കി.

ഭക്ഷ്യക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ശ്രീലങ്കയിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മൂന്ന് മണിക്കൂറ്‍ മാത്രമാണ് വീടുകളില്‍ വൈദ്യുതി ലഭിക്കുന്നത്.    ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാത്തവരുടെ നിരയാണ് വീടുകളില്‍. രണ്ട് കിലോ അരിക്ക് 550 രൂപയാണ് വില. പച്ചക്കറികള്‍ക്കും വെള്ളത്തിനും അഞ്ചിരട്ടിയോളം വില ഉയര്‍ന്നു. സ്കൂളുകള്‍ അടച്ചിട്ടിട്ട് ആറ് മാസം പിന്നിടുകയാണ്. 

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറ് ദിവസം പിന്നിടുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. എത്രയും വേഗം സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിൽ കസേരയിട്ടിരുന്നാണ് പ്രതിഷേധം തുടരുന്നത്.

Read Also: ശ്രീലങ്കൻ പ്രതിസന്ധി: സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ, സാഹചര്യം ചർച്ച ചെയ്യും


 

Follow Us:
Download App:
  • android
  • ios