ദില്ലി കലാപത്തില്‍ ഇറാന്‍ മന്ത്രാലയം അപലപിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല...

ടെഹ്റാന്‍: മുസ്ലിം പൗരന്മാരെ ലക്ഷ്യം വയ്ക്കുന്ന സാമുദായി അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ്. ''ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് എതിരായ സംഘടിത ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായ ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യന്‍ അധികൃതരോട് മുഴുവന്‍ ഇന്ത്യന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്'' - സരിഫ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ദില്ലി കലാപത്തില്‍ ഇറാന്‍ മന്ത്രാലയം അപലപിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

46 പേരാണ് ദില്ലി കലാപത്തില്‍ മരിച്ചത്. കലാപ ബാധിത മേഖലകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ദില്ലിയില്‍ തുടങ്ങിയിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കി തുടങ്ങി. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്‍തിട്ടുണ്ട്. വീട് നഷ്ടമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി . കലാപത്തില്‍ 500 റൗണ്ട് വെടിവ്യ്പ് നടന്നുവെന്ന നിഗമിനത്തിലാണ് ദില്ലി പൊലീസ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും വെടിയേറ്റിട്ടുണ്ടെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. വെടിയേറ്റതിന്‍റെ പരിക്കുമായി 82 പേര്‍ ചികിത്സയിലാണ്. 

പുറത്ത് നിന്നുള്ളവരും കലാപത്തില്‍ പങ്കെടുത്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. മീററ്റ്, ഗാസിയബാദ്, ബാഗ്പത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ദില്ലി സര്‍ക്കാര്‍ വാട്സ് ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്.