പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന ഭീഷണി മറികടക്കാൻ നാറ്റോ സഖ്യകക്ഷികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക മാത്രം സുരക്ഷാ ചുമതല വഹിക്കുന്ന രീതി തുടരാനാവില്ലെന്നും, സഖ്യകക്ഷികൾ സഹകരിച്ചില്ലെങ്കിൽ മേഖലയിലെ സൈനിക സാന്നിധ്യം പുനഃപരിശോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇറാൻ ഹോർമുസ് കടലിടുക്കിൽ ചെലുത്തുന്ന വെല്ലുവിളി മറികടക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിയതോടെ ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ അടച്ചിട്ട കടലിടുക്ക് കടക്കുന്ന എല്ലാ കപ്പലുകളും ആക്രമിക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് കടലിടുക്ക് സുരക്ഷിതമായി കടക്കാൻ കഴിയാത്ത സാഹചര്യമാണ്.
പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും കപ്പലുകൾ സുഗമമായി കടന്നുപോകുന്നതിനും നാറ്റോ സഖ്യകക്ഷികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. നാറ്റോ അംഗരാജ്യങ്ങൾ സുരക്ഷയ്ക്കായി സൈനികമായും സാമ്പത്തികമായും സഹകരിക്കാത്ത പക്ഷം നാറ്റോയുടെ ഭാവി അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്ക മാത്രമാണ് ഈ മേഖലയുടെ സുരക്ഷാ ചുമതല ഭൂരിഭാഗവും വഹിക്കുന്നതെന്നും ഈ രീതി തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുഗമമായ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള നാറ്റോ സഖ്യകക്ഷികൾ അവരുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നിട്ടും അതിന്റെ സംരക്ഷണത്തിനായി അമേരിക്കൻ നികുതിപ്പണം മാത്രം ചിലവാക്കുന്നത് നീതിയല്ലെന്നും, സഖ്യകക്ഷികൾ തങ്ങളുടെ വിഹിതം കൃത്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്ന 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. നാറ്റോയിലെ മറ്റ് രാജ്യങ്ങൾ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കണമെന്ന തന്റെ പഴയ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. സഖ്യകക്ഷികൾ സഹകരിക്കാൻ തയ്യാറാകാത്ത പക്ഷം മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം പുനഃപരിശോധിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.


