സുഡാനിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കലാപത്തിന് നേതൃത്വം നൽകുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന അർധസൈനിക വിഭാഗം ഡാർഫറിലെ എൽ ഫാഷിർ നഗരം പിടിച്ചെടുത്തു. 

2023ൽ ആരംഭിച്ച ആഭ്യന്തര കലാപം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ് സുഡാനിൽ. സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പി‍ഡ് സപ്പോർട്ട് ഫോഴ്സ് എന്ന ആർഎസ്എഫും തമ്മിലാണ് ഏറ്റുമുട്ടൽ. സുഡാൻ കരസേനയുടെ ഡാർഫറിലെ അവസാന ശക്തികേന്ദ്രമായിരുന്നു എൽ ഫാഷിർ നഗരം. ഇവിടം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല അരങ്ങേറിയത്.

എന്താണ് ആർഎസ്എഫ് എന്നും എന്താണ് അവർ സുഡാനിൽ ചെയ്യുന്നത് എന്നും നോക്കാം

രണ്ടായിരത്തിന്റെ തുടത്തിൽ അറബ് വംശജരും, അറബി സംസാരിക്കുന്ന നാടോടികളടങ്ങുന്ന ജാൻജവീദ് സേനയായിട്ടാണ് ആർഎസ്എഫിന്റെ തുടക്കം. സർക്കാരിനെതിരായ കലാപത്തെ അടിച്ചമർത്താൻ പ്രസിഡന്റ് ഒമർ അൽ-ബഷീർ സർക്കാർ ഈ സേനയെ പിന്തുണയ്ക്കുകയും ആയുധമാക്കുകയും ചെയ്തു. അടിച്ചമർത്തലിൽ ജാൻജവീദ് സേന അതിക്രൂര ആക്രമണങ്ങൾ അഴിച്ചുവിട്ടു. സാധാരണക്കാരെ ക്രൂരമായി ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മസാലിത്, ഫർ, സഗാവ എന്നിങ്ങനെയുടെ അറബ് ഇതര സമുദായങ്ങളിലെ 3 ലക്ഷം പേരെയാണ് അന്ന് ഈ സംഘം കൊന്നൊടുക്കിയത്. ഡാർഫറിലെ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി സേനയ്ക്കും അവരുടെ കമാൻഡോകൾക്കുമെതിരെ ചുമത്തി.

ഒരു ദശാബ്ദത്തിന് ശേഷം 2013ൽ സർക്കാർ ആർഎസ്എഫ് രൂപീകരിക്കാനൊരുങ്ങിയപ്പോൾ ഭൂരിഭാഗം പേരും ജാൻജവീജ് സേനയിൽനിന്നുള്ളവരായിരുന്നു. അത് പിന്നീട് ഒരു അർധ സൈനിക വിഭാഗമായി. തുടക്കത്തിൽ അതിർത്തി കാവലിനായിരുന്നു ആർഎസ്എഫിനെ ഉപയോഗിച്ചിരുന്നു. 2015ൽ യെമനിൽ യുദ്ധം ചെയ്യുന്നതിനും സുഡാൻ, സൗദി, എമിറാത്തി സൈനികർക്കൊപ്പം ആർഎസ്എഫിനെ വിന്യസിച്ചിരുന്നു. ഡാർഫൻ, സൗത്ത് കോർഡോഫൻ, ബ്ലൂ നൈൽ എന്നിവിടങ്ങളിൽ ആർഎസ്എഫ് അതിക്രമങ്ങൾ അഴിച്ചുവിട്ടത് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015ൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആർഎസ്എഫിനെ കരുണയില്ലാത്ത സംഘം എന്ന് വിശേഷിപ്പിച്ചു.

ഈ ആർഎസ്എഫ് ആണ് 2019-ൽ സൈന്യത്തോടൊപ്പം ചേർന്ന് പ്രസി‍ഡന്റ് ഒമർ അൽ ബാഷീറിനെ അട്ടിമറിച്ചത്. ഇതിന് പിന്നാലെയാണ് ഇതുവരെ നീളുന്ന ആഭ്യന്തര കലാപങ്ങളുടെ തുടക്കം. മൂന്ന് പതിറ്റാണ്ട് കാലം നീണ്ടുനിന്ന ബാഷീറിന്റെ കസേര തെറിച്ചത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലെ സൈനിക അട്ടിമറിയിലൂടെയായിരുന്നു. തുടർന്ന് സുഡാന്റെ ഭരണത്തിനായി സൈന്യവും ആർ‌എസ്‌എഫും ജനാധിപത്യ അനുകൂല ശക്തികളുമായി ഒരു സംയുക്ത അധികാര പങ്കിടൽ കരാറിലെത്തി, സാമ്പത്തിക വിദഗ്ദ്ധനായ അബ്ദുള്ള ഹംദോക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ സൈനിക മേധാവിയും ഹമേദ്തി എന്ന പേരിൽ അറിയപ്പെടുന്ന ആർഎസ്എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ സൈനിക ഡെപ്യൂട്ടിയുമായി. സുഡാനെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നതായിരുന്നു സംയുക്ത സഖ്യത്തിന്റെ ധാരണ. എന്നാൽ ബുർഹാനും ഹമേദ്തിയും പിന്നീട് അധികാര കൈമാറ്റത്തിന് തയ്യാറായില്ല. 2021-ൽ ഇരുവരും ചേർന്ന് രണ്ടാമത്തെ അട്ടിമറി നടത്തി പ്രധാനമന്ത്രി ഹംദോക്കിനെ പുറത്താക്കി.

പിന്നീട് ആർഎസ്എഫിനെ സൈന്യവുമായി സംയോജിപ്പിക്കുന്നതിലും സൈന്യത്തെ ആര് നയിക്കും എന്നതിലും ഹെമ്ദ്തിയും ബുർഹാനും തമ്മിൽ അഭിപ്രായ ഭിന്നിപ്പുണ്ടായി. ഇതാണ് നിലവിലത്തെ സംഘർഷങ്ങളുടെ തുടക്കം. സൈന്യവും ആർഎസ്എഫും പരസ്പരം തിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷം രക്തരൂക്ഷിത കലാപമായി. 2023 മുതൽ, ആർ‌എസ്‌എഫും സഖ്യകക്ഷികളും നടത്തിയ കൂട്ടക്കൊലകളിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഡാർഫറിലെയും കോർഡോഫാനിലെയും പ്രദേശങ്ങൾ ആർഎസ്എഫ് പിടിച്ചെടുത്തു. ദശലക്ഷക്കിന് ജനങ്ങൾ കുടിയിറക്കപ്പെട്ടു.

2025 മാർച്ചിൽ സൈന്യത്തിന്റെ സഖ്യം കാർട്ടൂമിലെ ആർഎസ്എഫിന്റെ അഭിമാന കേന്ദ്രമായിരുന്ന പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. ഇത് ആർഎസ്എഫിന് വലിയ തിരിച്ചടിയായി. തലസ്ഥാനം നഷ്ടമായ ആർഎസ്എഫ് പടിഞ്ഞാറൻ സുഡാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്നാണ് ഡാർഫറിലെ എൽഫാഷർ ആർഎസ്എഫ് പിടിച്ചെടുത്തത്.

സുഡാനിൽ നടക്കുന്നത് അറബ് ഇതര വിഭാഗങ്ങളുടെ വംശഹത്യയാണ് എന്നതാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഡാർഫൻ മേഖലയിലെ ആർഎസ്എഫ് ആധിപത്യത്തോടെ മേഖലയിലെ അറബ് ഇതര വംശങ്ങൾ വംശഹത്യാ ഭീഷണിയിലാണ്. സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന എൽ ഫാഷിറും പിടിച്ചെടുത്തതോടെ ഈ മേഖലയിലെ പൂർണ നിയന്ത്രണം ആർഎസ്എഫിന്റെ കീഴിലായി. ചുരുക്കത്തിൽ സുഡാനെ രണ്ടായി വിഭജിക്കാൻ പോന്നതാണ് ഈ നീക്കം. ആർഎസ്എഫ് പിടിച്ചെടുത്തതിന് പിന്നാലെത്തന്നെ കൂട്ടക്കൊലകൾ ആരംഭിച്ചു. ഇത് വലിയൊരു വംശഹത്യയിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

2003നും 2005നും ഇടയിലും അറബ് വംശജരായ ഇതേ അർധ സൈനിക വിഭാഗമാണ് ഡാർഫനിൽ വംശഹത്യയ്ക്ക് നേതൃത്വം നൽകിയത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മസാലിത്, ഫർ, സഗാവ സമുദായങ്ങളിലെ 3 ലക്ഷം പേരെയാണ് അന്ന് കൊന്നൊടുക്കിയത്.

ആർഎസ്എഫ് എൽ ഫാഷർ പിടിച്ചെടുത്തതോടെ വലിയ ആശങ്കയിലാണ് അറബ് ഇതര വിഭാഗങ്ങളുടെ ജീവിതം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ട് 26000 പേരാണ് നഗരം വിട്ടത്. പലരും ഭക്ഷണമോ മ‌രുന്നോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. നിരായുധരായ സാധാരണക്കാരെ ആർഎസ്എഫ് പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നതിന്റെ അടക്കം വീഡിയോകളും മൃതദേഹങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എൽ ഫാഷർ പിടിച്ചെടുക്കലിന് ശേഷം ആർഎസ്എഫ് രണ്ടായിരത്തിൽ അധികംപേരെ കൊലപ്പെടുത്തിയെന്നാണ് വിവരം.

കൂട്ടക്കൊലകളിലൂടെയും ആക്രമണങ്ങളിലൂടെയും ഫർ, സാഗാവ, ബെർട്ടി വിഭാഗക്കാരെ ആസൂത്രികമായി ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് എൽഫാഷറിൽ നടക്കുന്നതെന്ന് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അറബ് ഇതര സമൂഹങ്ങൾക്ക് അഭയം നൽകുന്ന പ്രദേശങ്ങളിൽ ആർഎസ്എഫ് വാഹനങ്ങൾക്ക് സമീപത്തായി മൃതദേഹങ്ങൾ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വീടുകൾ തോറും കയറിയിറങ്ങിയാണ് ആക്രമണമെന്നും അറബ് ഇതര വംശജരെ തെരഞ്ഞുപിടിച്ചാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു.

യേൽ ഹ്യുമാനിട്ടേറിയൻ റിസർച്ച് ലാബിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കൂമ്പാരം കൂട്ടിയിട്ട മൃതദേഹങ്ങളും രക്തക്കുളങ്ങളുമാണ് എൽ ഫാഷറിൽ അവശേഷിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. കൂട്ടക്കൊലകളിലൂടെയും ആക്രമണങ്ങളിലൂടെയും ഫർ, സാഗാവ, ബെർട്ടി വിഭാഗക്കാരെ ആസൂത്രികമായി ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് എൽഫാഷറിൽ നടക്കുന്നതെന്ന് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.