കാര്‍ത്രോം: മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തെ ഇസ്ലാമിത നിയമാവലികള്‍ മാറ്റി സുഡാന്‍. സ്ത്രീകളുടെ നിര്‍ബന്ധിത ചേലകര്‍മ്മം,  മുസ്ലിം ഇതര മതസ്ഥര്‍ക്കും മദ്യം കഴിക്കാനുള്ള വിലക്ക് തുടങ്ങിയ നിയമങ്ങളാണ് സുഡാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസ്‌റിദീന്‍ അബ്ദുല്‍ബരി അറിയിച്ചത്.

മുപ്പത് വര്‍ഷം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍ ബാഷിര്‍ 2019 ഏപ്രിലില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞതിന് ശേഷം ഭരണത്തിലെത്തിയ സര്‍ക്കാറാണ് സുഡാനില്‍ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ബാഷിറിന് അഴിമതി ആരോപണത്തില്‍ രണ്ടു വര്‍ഷം സുഡാന്‍ കോടതി അടുത്തിടെയാണ് തടവ് ശിക്ഷ വിധിച്ചത്. അഴിമതി സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കമുള്ള കേസുകളിലാണ് സുഡാനീസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അതേ സമയം  ഒമര്‍ അല്‍ ബാഷിറിന്‍റെ ഭരണകാലയളവില്‍ നടത്തിയ വംശഹത്യക്കും യുദ്ധ കുറ്റ കൃത്യങ്ങള്‍ക്കുമെതിരായ വിചാരണകളും പുരോഗമിക്കുകയാണ്.

പുതിയ പരിഷ്കാരത്തില്‍ കുറ്റങ്ങള്‍ക്ക് ശിക്ഷയായി നല്‍കിയിരുന്ന ചാട്ടവറാടിയും നിര്‍ത്തലാക്കിയിട്ടുണ്ട്.  നിയമ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നത് സുഡാനിലെ സ്ത്രീകള്‍ക്ക് സ്വന്തം കുട്ടികളുമായി പുറത്തുപോവാന്‍ കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ അനുമതി വേണ്ട എന്നതാണ്.

പുതിയ നിയമ പരിഷ്കാരത്തിന്‍റെ ഭാഗമായി രാജ്യത്തെ മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് സ്വകാര്യമായി മദ്യം കഴിക്കാം. എന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് മദ്യം കഴിക്കാന്‍ വിലക്കുണ്ട്. രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും ഭാഗമായാണ് നിയമ പരിഷ്‌കാരമെന്ന് നിയമമന്ത്രി അറിയിച്ചു.

ഏപ്രിലില്‍ അനുമതി ലഭിച്ച നിയമപരിഷ്‌കാരം ഇപ്പോഴാണ് പ്രാബല്യത്തില്‍ വരുന്നത്. സുഡാനില്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഈ നിയമ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്.   കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കു നിഷ്‌കര്‍ശിച്ച നിയമാവലികളിലും സുഡാന്‍ മാറ്റം വരുത്തിയിരുന്നു. അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ അപലപിച്ച സുഡാനിലെ സ്ത്രീകളുടെ നിര്‍ബന്ധിത ചേലകര്‍മ്മം നിയമങ്ങളാണ് സുഡാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത് വലിയ മാറ്റമാണ് സുഡാനില്‍ ഉണ്ടാക്കുക.