അശാന്തി തുടരുന്നതിനിടെ സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയാവും
കാഠ്മണ്ഡു: നേപ്പാളിൽ അശാന്തി തുടരുന്നതിനിടെ സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയാവും. ഇന്ന് രാത്രി 9 മണിക്ക് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
നേപ്പാളിൽ അശാന്തി തുടരുന്നു
കഴിഞ്ഞ ഒരാഴ്ചയായി നേപ്പാൾ കടുത്ത പ്രക്ഷോഭത്തിലാണ്. സർക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മക്കെതിരെയുള്ള പൊതുജനങ്ങളുടെ രോഷം രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. നേപ്പാളിലെ ജനറേഷൻ സെഡിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് രാജിവെക്കേണ്ടിവന്നു. പ്രകടനക്കാർക്കെതിരെയുള്ള പൊലീസ് നടപടിയിൽ 34 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ എന്നിവയ്ക്ക് പ്രതിഷേധക്കാർ തീയിട്ടു. നേപ്പാൾ പാർലമെന്‍റിനും തീപിടിച്ചു. നിലവിൽ നേപ്പാളിന് ഒരു ഭരണകൂടമില്ല. സൈന്യം കർഫ്യൂ ഏർപ്പെടുത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, നേപ്പാളിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം സാമ്പത്തിക അസമത്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സാധാരണക്കാരായ നേപ്പാളികൾ തൊഴിലില്ലായ്മ, വർധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരാടുമ്പോൾ, രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ - അല്ലെങ്കിൽ 'നെപോ കിഡ്സ്' - ആഡംബര കാറുകൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, അന്താരാഷ്ട്ര അവധികൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നത് ജനരോഷം വർദ്ധിപ്പിച്ചു.
പൊതുജനങ്ങളുടെ രോഷം
രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം എടുത്തുകാണിക്കുന്ന പോസ്റ്റുകളും വീഡിയോകളും ടിക് ടോക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. #PoliticiansNepoBabyNepal, #NepoBabies തുടങ്ങിയ ഹാഷ്ടാഗുകൾക്ക് വൻ റീച്ച് ലഭിച്ചു. ഈ പോസ്റ്റുകളിൽ ആഡംബര കാറുകൾ, വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ, വിദേശത്ത് ഫൈൻ ഡൈനിംഗ്, എക്സ്ക്ലൂസീവ് അവധിക്കാല സ്ഥലങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. പലപ്പോഴും ഇവ സാധാരണക്കാരായ നേപ്പാളികളുടെ പ്രളയം, വൈദ്യുതി മുടക്കം, ഭക്ഷ്യവില വർദ്ധന എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
മുൻ ആരോഗ്യ മന്ത്രി ബിരോധ് ഖതിവാഡയുടെ മകളും 29 വയസുകാരിയുമായ മുൻ മിസ് നേപ്പാൾ ഷ്രിങ്കാല ഖതിവാഡയെ പ്രതിഷേധക്കാർ പിന്തുടർന്നു. മന്ത്രി മകളുടെ വിദേശ യാത്രകളും ആഡംബര ജീവിതവും കാണിക്കുന്ന അവരുടെ വീഡിയോകൾ വൈറലായി. പ്രതിഷേധത്തിനിടെ അവരുടെ കുടുംബ വീടിനും തീയിട്ടു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ അവർക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്.
മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബയുടെ മരുമകളും പ്രശസ്ത ഗായികയുമായ ശിവാന ശ്രേഷ്ഠ ആഡംബര വീടുകളും വിലകൂടിയ വസ്ത്രങ്ങളും പ്രദർശിപ്പിക്കുന്ന വീഡിയോകൾ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. കോടിക്കണക്കിന് വിലമതിക്കുന്ന സമ്പത്തിൽ ജീവിക്കുന്ന രാഷ്ട്രീയ കുടുംബങ്ങൾക്ക് ഉദാഹരണമായി അവരെയും അവരുടെ ഭർത്താവ് ജയ്‌വീർ സിംഗ് ഡ്യൂബയെയും സോഷ്യൽ മീഡിയയിൽ ലക്ഷ്യമിട്ടു. നേപ്പാളിലെ സാധാരണക്കാർ ജോലിക്കായി ബുദ്ധിമുട്ടുമ്പോൾ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഹാൻഡ്‌ബാഗുകൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ കൊച്ചുമകൾ സ്മിത ദഹലും വിമർശിക്കപ്പെട്ടു.
നിയമമന്ത്രി ബിന്ദു കുമാർ ഥാപയുടെ മകൻ സൗഗത് ഥാപയെ ആഡംബരങ്ങളുമായി ജീവിക്കുന്നതായാണ് ഓൺലൈനിൽ ചിത്രീകരിച്ചത്. പ്രതിഷേധം ശക്തമായപ്പോൾ അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. സാധാരണക്കാർ ദാരിദ്ര്യത്തിൽ മരിക്കുമ്പോൾ, ഈ 'നെപ്പോ കിഡ്‌സ്' ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു" എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധക്കാർ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും ഈ കുടുംബങ്ങളുടെ വീടുകൾക്ക് തീയിടുകയായിരുന്നു.
അഴിമതി, അസമത്വം, പൊട്ടിത്തെറി
ട്രാൻസ്പരൻസി ഇന്‍റർനാഷണൽ പ്രകാരം, നേപ്പാൾ ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ്. ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ടിൽ, പോഖറ ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ നിർമ്മാണത്തിനിടെ കുറഞ്ഞത് 71 ദശലക്ഷം ഡോളർ തട്ടിയെടുത്തതായി ഒരു പാർലമെന്‍ററി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മറ്റൊരു കേസിൽ, ഭൂട്ടാനിൽ നിന്ന് കുടിയിറക്കപ്പെട്ട നേപ്പാളിലെ വംശീയ വിഭാഗക്കാർക്കായി നീക്കിവെച്ച അഭയാർത്ഥി ക്വാട്ട വിറ്റതിന് രാഷ്ട്രീയക്കാർക്കെതിരെ കേസെടുത്തിരുന്നു. നിരന്തരമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും ശിക്ഷാനടപടികൾ അപൂർവമാണ്. ഇത് രാഷ്ട്രീയ വിഭാഗത്തെ സംരക്ഷിക്കുകയാണെന്ന വിശ്വാസത്തിന് ആക്കം കൂട്ടുന്നു.
സർക്കാർ തകർന്നു
പ്രതിഷേധങ്ങളും അക്രമങ്ങളും വ്യാപിച്ചതോടെ, 73 വയസുകാരനായ പ്രധാനമന്ത്രി ഒലി രാജിവെച്ചു. മറ്റ് മുതിർന്ന മന്ത്രിമാരും രാജിവെച്ചതോടെ നേപ്പാളിൽ നിലവിൽ ഭരണകൂടമില്ല. അതേസമയം, പ്രസിഡന്‍റ് രാംചന്ദ്ര പൗഡൽ രാജ്യത്തെ യുവാക്കളോട് ശാന്തമാകാനും ഭരണഘടനാപരമായി നീങ്ങാനും അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂടിയാലോചനകൾ നടത്തി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.



