ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രഹസ്യമായി ഒരു സൈനിക താവളം സ്ഥാപിച്ചിരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെയുള്ള വ്യോമാക്രമണങ്ങൾക്കായി ഉപയോഗിച്ച ഈ താവളം ഒരു ആട്ടിടയൻ കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാഗ്ദാദ്: ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രഹസ്യമായി സൈനിക താവളം സ്ഥാപിച്ചിരുന്നതായി പുതിയ റിപ്പോർട്ടുകൾ. ഇറാന് നേരെയുള്ള വ്യോമാക്രമണങ്ങൾ സുഗമമാക്കുന്നതിനും ഇസ്രായേൽ വ്യോമസേനയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഈ താവളം ഉപയോഗിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖ് സർക്കാരിന് ഈ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെങ്കിലും അമേരിക്കയ്ക്ക് ഇതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേലിൽ നിന്നും ഏകദേശം 1000 മൈൽ അകലെയാണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ഈ താവളം ആക്രമണങ്ങൾക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കാൻ ഇസ്രായേലിനെ സഹായിച്ചു. ഇസ്രായേലി സ്പെഷ്യൽ ഫോഴ്സ്, ലോജിസ്റ്റിക് ഹബ്ബ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീം എന്നിവ ഇവിടെ നിലയുറപ്പിച്ചിരുന്നു. ഇറാനിൽ വിമാനം തകർന്നു വീഴുന്ന സാഹചര്യം വന്നാൽ പൈലറ്റുമാരെ രക്ഷപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
ജനവാസമില്ലാത്ത വിശാലമായ മരുഭൂമി രഹസ്യ നീക്കങ്ങൾക്ക് അനുയോജ്യമായ ഇടമായിരുന്നു. മുമ്പ് 1991-ലും 2003-ലും സദ്ദാം ഹുസൈനെതിരായ നീക്കത്തിന് അമേരിക്കയും ഇതേ മേഖല ഉപയോഗിച്ചിരുന്നു. മാർച്ച് മാസത്തിൽ ഈ രഹസ്യ താവളം പുറംലോകമറിയുന്ന സാഹചര്യമുണ്ടായി. പടിഞ്ഞാറൻ മരുഭൂമിയിൽ സംശയാസ്പദമായ സൈനിക നീക്കങ്ങളും താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകളും ഒരു ആട്ടിടയൻ ശ്രദ്ധിച്ചു. ഇതേത്തുടർന്ന് ഇറാഖ് സൈന്യം പ്രദേശം പരിശോധിക്കാൻ സൈനിക യൂണിറ്റുകളെ അയച്ചു.
ഇറാഖി സൈന്യം താവളത്തിന് അടുത്തെത്താതിരിക്കാൻ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇറാഖ് സൈന്യം നടത്തിയ പരിശോധനയിൽ അവിടെ അടുത്തിടെ സൈനിക സാന്നിധ്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. തങ്ങളുടെ സൈന്യത്തിന് മുകളിലൂടെയുള്ള ഇത്തരമൊരു നീക്കം അനുമതിയോ ഏകോപനമോ ഇല്ലാതെയാണ് നടന്നതെന്ന്" ഇറാഖി ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഖൈസ് അൽ-മുഹമ്മദാവി പറഞ്ഞു. സംഭവത്തിൽ ഇറാഖ് ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. ആക്രമണം നടത്തിയത് അമേരിക്കയാണെന്നാണ് ഇറാഖ് ആദ്യം കരുതിയതെങ്കിലും, ആ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.


