സ്വീഡനിൽ പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്. റൊമീന ഇതിനുമുമ്പുണ്ടായിരുന്ന 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ റെക്കോര്‍ഡാണ് മറികടന്നത്.
സ്റ്റോക്ഹോം: കൗമാരക്കാരിയായ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ മാതൃരാജ്യത്ത് ഇനി കാലാവസ്ഥാ വകുപ്പ് മന്ത്രി ഒരു 26കാരി. ഒരു മന്ത്രാലയം നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് റൊമിന പൗർമോഖ്താരിയെ തേടിയെത്തിയിരിക്കുന്നത്.
ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്ന റൊമിനയെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണാണ് നാമനിര്‍ദേശം ചെയ്തത്. സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇറാനിയൻ വംശജരായ ഒരു കുടുംബത്തിലാണ് റൊമിന ജനിച്ചത്. സ്വീഡനിൽ പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്. റൊമീന ഇതിനുമുമ്പുണ്ടായിരുന്ന 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ റെക്കോര്‍ഡാണ് മറികടന്നത്.
തന്റെ സഖ്യകക്ഷികളുമായും, ദേശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ സ്വീഡൻ ഡെമോക്രാറ്റുകളുമായും ഒരു കരാർ എഴുതിയതിന് ശേഷമാണ് ഉൾഫ് ക്രിസ്റ്റേഴ്സൺ പുതിയ സഖ്യ സർക്കാരിനെ പ്രഖ്യാപിച്ചത്. നയപരമായ പ്രതിബദ്ധതകൾക്ക് പകരമായി സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് കരാർ. കാബിനറ്റ് അവതരിപ്പിക്കുമ്പോൾ, രാജ്യം റഷ്യയുമായി പിരിമുറുക്കം നേരിടുന്നതിനാൽ "സിവിൽ ഡിഫൻസിനായി" ഒരു പുതിയ മന്ത്രി സ്ഥാനം സൃഷ്ടിക്കുന്നതായും ക്രിസ്റ്റേഴ്സൺ പ്രഖ്യാപിച്ചു. സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകള്‍ വിദേശീയരാണ്. അതില്‍ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍,സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവരാണ്.
