"തീർച്ചയായും, മനുഷ്യമാംസം കഴിക്കുക എന്ന ആശയം ഭയങ്കരമായിരുന്നു, വെറുപ്പുളവാക്കുന്നതായിരുന്നു.  വായിൽ വയ്ക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞങ്ങൾ അത് ശീലമാക്കി". അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റാമൻ സബെല്ല പറഞ്ഞു. 

ലണ്ടൻ: നരഭോജനം നടത്തിയതിൽ പശ്ചാത്താപമില്ലെന്ന് 50 വർഷം മുമ്പ് നടന്ന ഒരു വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞതായി റിപ്പോർട്ട്. 1972 ഒക്ടോബർ 13 ന്, ഉറുഗ്വേയിൽ നിന്ന് ചിലിയിലേക്കുള്ള റഗ്ബി ടീമും കുടുംബവും സുഹൃത്തുക്കളും സഞ്ചരിച്ച ഉറുഗ്വേ എയർഫോഴ്‌സിന്റെ ചാർട്ടേഡ് വിമാനം (ഫ്ലൈറ്റ് 571) മോശം കാലാവസ്ഥയെത്തുടർന്ന് ആൻഡീസ് പർവതനിരകൾക്ക് നടുവിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ 29 യാത്രക്കാർ മരിച്ചു. അപകടത്തിന് ശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ ഹിമപാതത്തിൽ 13 പേർ കൂടി മരിച്ചു. ശേഷിച്ചവരാണ് രക്ഷാപ്രവർത്തകരെത്തുന്നത് വരെ ജീവൻ നിലനിർത്താൻ നരഭോജനം നടത്തിയത്. 

അപകടത്തെ അതിജീവിച്ചത് 16 പേരായിരുന്നു. നീണ്ട 72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഡിസംബർ 23 ന് അവരെ രക്ഷപ്പെടുത്തിയത്. 2022 ഒക്ടോബർ 13-ന്, അപകടത്തിന്റെ 50-ാം വാർഷികദിനത്തിൽ കണ്ടുമുട്ടിയപ്പോഴാണ് അന്നത്തെ നരഭോജനത്തെപ്പറ്റി ഇവർ പറഞ്ഞത്. "മിറക്കിൾ ഇൻ ദി ആൻഡീസ്" എന്ന പരിപാടിയിലാണ് , അന്ന് ജീവനോടെ തുടരാൻ തങ്ങൾ ചെയ്യേണ്ടി വന്നതെല്ലാം അവർ ഓർമ്മിച്ചെടുത്ത് പങ്കുവച്ചത്. ഭക്ഷണമൊന്നും അവശേഷിക്കാതെ വന്ന അവസരത്തിൽ എല്ലാവരും തളർന്നിരുന്നു. റോബർട്ടോ കനേസ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് വിമാനഅവശിഷ്ടങ്ങൾക്ക് ചുറ്റും ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ ഭക്ഷിക്കാനുള്ള ആശയം നിർദ്ദേശിച്ചത്. ഒരു ഗ്ലാസ് കഷ്ണം ഉപയോഗിച്ച് സുഹൃത്തുക്കളുടെ മൃതദേഹം ആദ്യമായി മുറിച്ചെടുത്തത് അയാളാണെന്നും അവർ പറഞ്ഞതായി 'ഇൻഡിപെൻഡന്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. "നടന്നത് വിശദീകരിക്കാൻ എനിക്ക് പിന്നീട് അവരുടെ കുടുംബങ്ങളിലേക്ക് പോകേണ്ടിവന്നു. അപകടത്തിൽ ഞാൻ മരിക്കുകയും ജീവിക്കാൻ വേണ്ടി മറ്റുള്ളവരെന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഞാൻ അതിനെ ഒരു ബഹുമാനമായി കണക്കാക്കിയേനെ". കനേസയെ ഉദ്ധരിച്ച് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

"തീർച്ചയായും, മനുഷ്യമാംസം കഴിക്കുക എന്ന ആശയം ഭയങ്കരമായിരുന്നു, വെറുപ്പുളവാക്കുന്നതായിരുന്നു. വായിൽ വയ്ക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞങ്ങൾ അത് ശീലമാക്കി". അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റാമൻ സബെല്ല പറഞ്ഞു. "ചർമ്മവും കൊഴുപ്പുമാണ് ആദ്യം ഭക്ഷിച്ചത്. പിന്നീട് പേശികളും തലച്ചോറും ഭക്ഷിച്ചു". സബെല്ല കൂട്ടിച്ചേർത്തു. 

 രക്ഷാപ്രവർത്തകർ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇടതൂർന്ന മഞ്ഞുവീഴ്ചയിൽ ആരെയും കണ്ടെത്താനായില്ല. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 10 ദിവസത്തിനുള്ളിൽ തിരച്ചിൽ അവസാനിപ്പിച്ചു. തങ്ങൾക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ നിർത്തിയതായി ഇവർ റേഡിയോയിലൂടെ കേട്ടു. സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം, രക്ഷപ്പെട്ട കനേസയും പരാഡോയും സഹായം തേടി 10 ദിവസത്തെ യാത്രയ്ക്ക് പുറപ്പെട്ടു. അവർ മനുഷ്യമാംസത്താൽ നിർമ്മിച്ച സ്ലീപ്പിംഗ് ബാഗും റഗ്ബി സോക്സും കയ്യിൽ കരുതിയിരുന്നു.1972 ഡിസംബർ 22-ന് രക്ഷാപ്രവർത്തകരെ വഹിച്ച് ഹെലികോപ്റ്ററുകൾ രക്ഷപ്പെട്ടവരിലേക്ക് എത്തുകയും അടുത്ത ദിവസം അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പിയേഴ്‌സ് പോൾ എഴുതിയ 'എലൈവ്: ദി സ്റ്റോറി ഓഫ് ആൻഡീസ് സർവൈവേഴ്‌സ്' എന്ന പുസ്തകം വിമാനാപകടത്തെത്തുടർന്ന് രക്ഷപ്പെട്ടവരുടെ ഭയാനകമായ ഓർമ്മകൾ വിവരിക്കുന്നതാണ്. 1993ൽ ഈ സംഭവത്തെ അടിസ്ഥാനമാക്കി ഒരു ഹോളിവുഡ് സിനിമയും പുറത്തുവന്നിട്ടുണ്ട്.

Read Also: ചിക്കൻ ബിരിയാണി നൽകാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോർക്കിൽ 49 കാരൻ അറസ്റ്റിൽ