Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച ഒരു ജോഡി അടിവസ്ത്രങ്ങള്‍: അമേരിക്ക കൊന്നത് ബാഗ്ദാദിയെ തന്നെയെന്ന് ഉറപ്പ് വരുത്തിയത് ഇങ്ങനെ.!

കൊടുംഭീകരനെ കുടുക്കാന്‍ കുര്‍ദ്ദുകള്‍ തങ്ങളുടെ അതി സമര്‍ത്ഥനായ ഒരാളെ ബാഗ്ദാദിയുടെ സംഘത്തില്‍ ചാരനായി നിയോഗിച്ചു. അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജറാബ്‌ളസിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലായിരുന്നു.  

Syrian agent stole ISIS chief Baghdadi underwear for DNA test before his death
Author
USA, First Published Oct 29, 2019, 1:20 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ നീക്കത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഞായറാഴ്ച കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകത്തിന് മുന്നില്‍ എത്തിയത്. പലപ്പോഴും കൊല്ലപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്ന ആഗോള ഭീകരന്‍ ഇത്തവണ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് തന്നെ ഉറപ്പിച്ച് പറയാന്‍ കാരണമെന്താണ്. അത് ബാഗ്ദാദിയാണെന്ന് അമേരിക്ക ഡിഎന്‍എ പരിശോധന വഴി ഉറപ്പാക്കിയിരുന്നു എന്നത് തന്നെയാണ്. 

പൂര്‍ണ്ണമായും അമേരിക്കന്‍ നടപടിയിലൂടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത് എന്ന് ട്രംപ് അടക്കം അവകാശപ്പെടുന്നെങ്കിലും. ഈ ദൗത്യത്തില്‍ അവകാശവാദവുമായി സിറിയയിലെ കുര്‍ദ്ദുകളും രംഗത്തുണ്ട്. ക്രഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്നാണ് സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) അവകാശപ്പെടുന്നത്. വടക്കന്‍ സിറിയയിലെ ബാഗ്ദാദിയുടെ താമസസ്ഥലം കണ്ടെത്തിയതും വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് കൈമാറിയതും തങ്ങളായിരുന്നു എന്ന് എസ്ഡിഎഫ് പറയുന്നു. 

കൊടുംഭീകരനെ കുടുക്കാന്‍ കുര്‍ദ്ദുകള്‍ തങ്ങളുടെ അതി സമര്‍ത്ഥനായ ഒരാളെ ബാഗ്ദാദിയുടെ സംഘത്തില്‍ ചാരനായി നിയോഗിച്ചു. അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജറാബ്‌ളസിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലായിരുന്നു.  സിഐഎയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്ന എസ്ഡിഎഫ് മെയ് 15 മുതല്‍ ബാഗ്ദാദിക്ക് മേല്‍ കനത്ത നിരീക്ഷണം വെച്ചിരുന്നു. ഇവരുടെ നാലു ചാരന്മാരില്‍ ഒരാള്‍ക്ക് ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ എത്താന്‍ കഴിഞ്ഞു. 

ഇയാളാണ് ഡിഎന്‍എ പരിശോധന സാധ്യമാക്കാന്‍ ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് നല്‍കിയത്.  ഒരു മാസം മുമ്പ് മുതല്‍ ബാഗ്ദാദിയെ തകര്‍ക്കാനുള്ള ഓപ്പറേഷന് അമേരിക്ക തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍ വലിക്കാനുള്ള ട്രംപിന്‍റെ തീരുമാനം മൂലം എല്ലാം വൈകുകയായിരുന്നു. 

ട്രംപിന്‍റെ തീരുമാനം കുര്‍ദ്ദുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. തുര്‍ക്കി സേന കുര്‍ദ്ദ് മേഖലയിലേക്ക് ശക്തമായ സൈനിക നീക്കം നടത്തി. ഇത് ബാഗ്ദാദിയെ നിരീക്ഷിക്കുകയും രഹസ്യവിവരം ശേഖരിക്കുകയും ചെയ്തിരുന്ന ജോലികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഡിഎഫിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇഡ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദിയുണ്ടെന്ന വിവരം നല്‍കിയത്. 

വടക്കന്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കാന്‍ ബാഗ്ദാദി ഒരുങ്ങുമ്പോഴാണ് അമേരിക്കന്‍ സൈന്യം പിടികൂടിയതും കൊലപ്പെടുത്തിയതും. കൊലപ്പെടുത്തിയ ശേഷം 15 മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച സമ്പിള്‍ വച്ച് ബാഗ്ദാദിയുടെ ഡിഎന്‍എ മാച്ച് ചെയ്ത് മരിച്ചത് ബാഗ്ദാദി തന്നൊണെന്ന് അമേരിക്കന്‍ കമാന്‍റോ സംഘം ഉറപ്പുവരുത്തി. പിന്നീട് ഒസാമ ബിന്‍ ലാദന്‍റെ ശരീരം പോലെ നടുക്കടലില്‍ ആരും തേടിച്ചെല്ലാത്ത ഇടത്ത്  ബാഗ്ദാദിയുടെ മൃതദേഹം അമേരിക്ക അടക്കിയെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios