അമേരിക്ക നല്‍കിയ, തൊടുത്തതിനു പിന്നാലെ വേഗത്തില്‍ സ്ഥലം മാറ്റാന്‍ കഴിയുന്ന 'ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്' മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നാണ് പ്രകാപനപരമായ രീതിയില്‍ തായ്‌വാന്‍ റോക്കറ്റുകള്‍ തൊടുത്തത്.

തായ്ചുങ് (തായ്വാന്‍): ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച് തായ്‌വാന്റെ ആയുധപരിശീലനം. ചൈനയുടെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന പരിശീലനത്തിന്റെ ഭാഗമായാണ് തായ്‌വാന്‍ അമേരിക്ക നല്‍കിയ മൊബൈല്‍ ലോഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ചത്. അമേരിക്ക നല്‍കിയ, തൊടുത്തതിനു പിന്നാലെ വേഗത്തില്‍ സ്ഥലം മാറ്റാന്‍ കഴിയുന്ന 'ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്' മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നാണ് പ്രകാപനപരമായ രീതിയില്‍ തായ്‌വാന്‍ റോക്കറ്റുകള്‍ തൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനയ്ക്ക് എതിര്‍ഭാഗത്തുള്ള തായ്വാന്റെ പടിഞ്ഞാറന്‍ തീരത്ത് നടന്ന അഭ്യാസപ്രകടനങ്ങളുടെ രണ്ടാം ദിവസമാണ് ഇവ വിക്ഷേപിച്ചത്. 155 എംഎം ഹോവിറ്റ്‌സറുകളും ഇവിടെ ഉപയോഗിച്ചു. തായ്വാനെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന കടലിടുക്കിലേക്കാണ് റോക്കറ്റ് തൊടുത്തുവിട്ടത്. തീരത്തുനിന്ന് അധികം ദൂരേക്ക് പോവാതെ വെള്ളത്തില്‍ വീഴുന്ന തരത്തില്‍ പരിധി നിയന്ത്രിച്ചാണ് റോക്കറ്റു തൊടുത്തത്. ഹൈമാസ് (HIMARS) എന്നറിയപ്പെടുന്ന ഈ അമേരിക്കന്‍ ലോഞ്ചര്‍ ഇതിനു മുമ്പും തായ്‌വാന്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ചൈനയുടെ ഭാഗത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് ആദ്യമായാണ്. ശത്രുവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈമാസ് പരിശീലനം തുടരുമെന്ന് തായ്‌വാന്‍ സൈന്യം അറിയിച്ചു.

തായ്വാനെ ഒരു വിമത പ്രവിശ്യയായാണ് ചൈന കാണുന്നത്. വൈകാതെ അത് തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും ചൈന പറയുന്നു. തായ്‌വാന് സമീപത്തേക്ക് ചൈന ദിവസവും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയക്കുന്നുണ്ട്. അടുത്ത കാലത്തായി അവിടെ വലിയ സൈനിക അഭ്യാസങ്ങളും നടത്തിയിട്ടുണ്ട്. തായ്വാനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ലെങ്കിലും അമേരിക്ക അതിനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നതിനെ അനുകൂലിക്കുന്നില്ല. തായ്വാന് ആയുധങ്ങള്‍ നല്‍കുന്ന പ്രധാന രാജ്യമാണ് അമേരിക്ക.

ഹൈമാസ് അഥവാ ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം ചെലവ് കുറഞ്ഞ റോക്കറ്റ് ലോഞ്ചറാണ്. വന്‍തുക ചെലവഴിച്ചുള്ള ആയുധങ്ങള്‍ വാങ്ങി ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ശ്രമിക്കുന്നതിന് പകരം, ചൈനയെ അകറ്റി നിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തതാണ് ഇത്. ട്രക്കില്‍ ഘടിപ്പിച്ച ഈ റോക്കറ്റ് പോഡ് ഒളിയിടത്തില്‍നിന്ന് അതിവേഗം പുറത്തെടുത്ത് മിസൈലുകള്‍ വിക്ഷേപിക്കാനും, അതിനുശേഷം പെട്ടെന്നുതന്നെ പുതിയ ഒളിത്താവളത്തിലേക്ക് മാറ്റാനും കഴിയും.

തായ്വാന് 82 ഹൈമാസ് സിസ്റ്റങ്ങള്‍ കൂടി വില്‍ക്കുമെന്ന് ഡിസംബറില്‍ യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ട്രംപ് ബീജിംഗില്‍ പോയി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയശേഷം ആ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.