സമാധാന കരാർ ലംഘിച്ച് തായ്‍ലൻഡ് കംബോഡിയൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി. പുരാതന ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. 

ബാങ്കോക്ക്: കംബോഡിയയുടെ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തി തായ്‍ലൻഡ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്. അതിര്‍ സംഘര്‍ഷത്തില്‍ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി കംബോഡിയൻ സൈന്യം സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും കംബോഡിയ ആരോപിച്ചു. ഒക്ടോബർ 26ന് തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടത്. എന്നാൽ, തായ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് തായ്‌ലന്‍ഡ് കരാറിൽനിന്ന് പിൻമാറി. ഈ വർഷം ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 

സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി 43 പേർ കൊല്ലപ്പെടുകയും 3 ലക്ഷം പേർ ഭവനരഹിതരാകുകയും ചെയ്തു. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും ഉടക്കിയത്. അന്താരാഷ്ട്ര കോടതിയുടെ വിധി പ്രകാരം തായ്ലൻഡിനാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമെങ്കിലും കംബോഡിയ അം​ഗീകരിക്കുന്നില്ല. 800ലേറെ കിലോമീറ്ററാണ് ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്നത്.