വിദ്യാഭ്യാസം, തൊഴിൽ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഇതിനകം തന്നെ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള നടപടി. 

കാബൂൾ: മോശപ്പെട്ട ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്​ഗാനിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വസ്ത്രധാരണ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസം, തൊഴിൽ, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഇതിനകം തന്നെ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള നടപടി. 

എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ 'മോശപ്പെട്ട ഹിജാബ്' എന്താണെന്നോ താലിബാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2021 ൽ അധികാരത്തിൽ വന്നതിനുശേഷം താലിബാൻ നടപ്പാക്കുന്ന കർശനമായ നിയമമായാൻണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അയൽരാജ്യമായ ഇറാനിൽ സമാനമായ അവസ്ഥയാണ് അഫ്​ഗാൻ വനിതകൾ ഹിജാബിന്റെ പേരിൽ അനുഭവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മെയ് മാസത്തിൽ, താലിബാൻ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടോ അതിലധികമോ വർഷങ്ങളായി കാബൂളിൽ അനുചിതമായ ഹിജാബ് ധരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നിരന്തരം പരാതികൾ ലഭിക്കുന്നതായി താലിബാൻ വക്താവ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു.

തുടർന്ന് മന്ത്രാലയം സ്ത്രീകൾക്ക് നിർദ്ദേശങ്ങൾ നൽകുകയും വസ്ത്രധാരണം കർശനമായി പാലിക്കാണമെന്ന് ഉത്തരവിടുകയും ചെയ്തു. മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പൊലീസുകാരെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക സമൂഹത്തിൽ മോശം ഹിജാബ് പ്രചരിപ്പിക്കുന്ന ചുരുക്കം ചില സ്ത്രീകളാണിവരെന്നും താലിബാൻ വ്യക്തമാക്കി.

അവർ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു. സമൂഹത്തിലെ ബഹുമാന്യരായ മറ്റു സഹോദരിമാരെ മോശം ഹിജാബ് ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും പൊലീസ് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുമെന്നും താലിബാൻ വക്താവ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഹിജാബ് ധരിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.