സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞതിന് പിന്നാലൊണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കിയുള്ള ഈ നിലപാട്.

അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞതിന് പിന്നാലൊണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കിയുള്ള ഈ നിലപാട്.

തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകള്‍ക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തരത്തില്‍ യാത്ര ചെയ്യാം. ശനിയാഴ്ച ഇത്തരത്തില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയ സ്ത്രീകളെ വിമാനത്താവള്ത്തില്‍ നിന്ന് തിരികെ അയച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. നേരത്തെ വിദേശത്ത് പഠനാവശ്യത്തിനായി പോകുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുവായ പുരുഷന്‍ കാണണമെന്ന് താലിബാന് നിഷ്കര്‍ഷിച്ചിരുന്നു. 


താലിബാന്‍ വീണ്ടും മലക്കം മറിഞ്ഞു, പെണ്‍കുട്ടികള്‍ തല്‍ക്കാലം പഠിക്കേണ്ടന്ന് തിട്ടൂരം

അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താലിബാന്‍ വീണ്ടും നിലപാട് മാറ്റി. മാര്‍ച്ച് 21-ന് അഫ്ഗാന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജനുവരിയില്‍ ലോകത്തിന് ഉറപ്പുനല്‍കിയ താലിബാന്‍ ഇന്നലെ വീണ്ടും വാക്കുമാറ്റി. 21-ന് സ്‌കൂളുകള്‍ തുറന്നില്ല എന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തല്‍ക്കാലം മാറ്റിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. യൂണിഫോം എന്തായിരിക്കണമെന്ന് തീരുമാനമായിട്ടില്ല എന്നു പറഞ്ഞാണ് പെണ്‍വിദ്യാഭ്യാസത്തെ താലിബാന്‍ വീണ്ടും പ്രതിസന്ധിയിലാക്കിയത്. മൂന്ന് മാസത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു ജനുവരി 17-ന് താലിബാന്‍ വ്യക്തമാക്കിയിരുന്നത്. തങ്ങള്‍ അധികാരത്തിലേത്തിയ ശേഷം സ്‌കൂളുകളില്‍ പോവാതായ പെണ്‍കുട്ടികള്‍ക്ക് മാര്‍ച്ച് അവസാനത്തോടെ സ്‌കൂളില്‍ പോകാനാവുമെന്നാണ് താലിബാന്‍ വക്താവ് വ്യക്തമാക്കിയത്. മാര്‍ച്ച് 21-ന് പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നും കാബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ താലിബാന്‍ വക്താവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സബിഹുല്ലാ മുജാഹിദ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. നീണ്ട കാലത്തിനു ശേഷം വീണ്ടും സ്‌കൂളില്‍ പോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഫ്ഗാന്‍ പെണ്‍കുട്ടികള്‍. അതിനിടെയാണ്, പുതിയ ഉത്തരവിറങ്ങിയത്. 

താലിബാന്റെ വാദം പൊളിഞ്ഞു, അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയ സ്ത്രീകളെ മോചിപ്പിച്ചു

അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിനു പിന്നാലെ താലിബാന്‍ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സ്ത്രീ ആക്ടിവിസ്റ്റുകള്‍ക്ക് മോചനം. യു എന്‍ അടക്കം പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇതുവരെ പറഞ്ഞ താലിബാന്‍ ഇപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ടുകളിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആണയിട്ട താലിബാന്‍ വക്താവ് സുഹായ് ഷഹീന്‍ ഇപ്പോള്‍ പറയുന്നത് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് കോടതിയില്‍ പോവാം എന്നാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട നാലു സ്ത്രീകളാണ് ഇന്ന് പുറത്തുവന്നതെന്ന് യു എന്‍ മിഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുര്‍സല്‍ അയാര്‍, പര്‍വാന ഇബ്രാഹിം, തമന്ന പയാനി, സഹ്‌റ മുഹമ്മദലി എന്നിവരാണ് മോചിതരായത്. ഇക്കാര്യം യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. ഇവരെ അറസ്റ്റ് ചെയ്ത കാര്യം ഇതുവരെ താലിബാന്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും കാണാതായവരുടെ കുടുംബാംഗങ്ങളും അയല്‍വാസികളും ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ അര്‍ദ്ധ രാത്രിയില്‍ വീടുകളിലേക്ക് ഇരച്ചുകയറി ഇവരെ തട്ടിയെടുക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, ഇക്കാര്യം താലിബാന്‍ ആദ്യം മുതലേ നിഷേധിക്കുകയായിരുന്നു. പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.