പഞ്ച്ശീർ പ്രവിശ്യ ഗവർണറുടെ ഔദ്യോഗിക വസതിയടക്കമുള്ള തന്ത്രപ്രധാനമേഖലകളിൽ താലിബാൻക്കാർ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്

കാബൂൾ: അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന് ബാലികേറാമലയായി തുടർന്ന് പഞ്ച്ശീർ ഒടുവിൽ വീണു. ദിവസങ്ങൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്ശീറിൻ്റെ തലസ്ഥാനമായ ഖസാറക്കിൽ താലിബാൻ പ്രവേശിച്ചതായാണ് സൂചന. ഖസാറക്കിനോട് ചേർന്നുള്ള റുഖ ജില്ലാ കേന്ദ്രവും പൊലീസ് ആസ്ഥാനവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 

പഞ്ച്ശീറിലെ വിജയത്തോടെ രാജ്യം പൂർണമായും താലിബാൻ നിയന്ത്രണത്തിലേക്ക് വരികയും യുദ്ധം പൂർണമായി അവസാനിക്കുകയുമാണ് - താലിബാൻ വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത പ്രതിരോധസേന നിഷേധിച്ചു. 

പഞ്ച്ശീർ പ്രവിശ്യ ഗവർണറുടെ ഔദ്യോഗിക വസതിയടക്കമുള്ള തന്ത്രപ്രധാനമേഖലകളിൽ താലിബാൻക്കാർ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. അതിനിടെ പാകിസ്ഥാൻ വ്യോമസേനയുടെ ഡ്രോണുകൾ പഞ്ച്ശീറിൽ ബോംബാക്രമണം നടത്തിയെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. അഫ്ഗാൻ മാധ്യമമായ അമാജ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സമാനഗൻ എംപി സിയാ അരിയാൻജദിനെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പഞ്ച്ശീർ പ്രതിരോധ സേനയുടെ ചീഫ് കമാൻഡർ ആയ സലേ മുഹമ്മദ് സംഘർഷത്തിൽ കൊല്ലപ്പെട്ടതായി വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. വെടിനിർത്തലിനെ പ്രതിരോധസേനാ തലവൻ അഹമ്മദ് മൌസൂദ് ആഹ്വാനം ചെയ്തെങ്കിലും താലിബാൻ ഇതു തള്ളിക്കളഞ്ഞെന്നാണ് സൂചന. സംഘർഷം ശമിപ്പിക്കാൻ ആത്മീയ നേതാക്കൾ മധ്യസ്ഥത ശ്രമം തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona