പാകിസ്ഥാന്‍ നഗരമായ ചമനിന്റെയും അഫ്ഗാന്‍ നഗരമായ വേഷിന്റെയും ഇടയിലെ തന്ത്രപ്രധാന അതിര്‍ത്തിയിലാണ് താലിബാന്‍ കൊടി ഉയര്‍ത്തിയത്. 

കാബൂള്‍: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സൗഹൃദകവാടത്തില്‍ രാജ്യത്തിന്റെ പതാക അഴിച്ചുമാറ്റി സ്വന്തം പതാകയുയര്‍ത്തി താലിബാന്‍. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ അതിര്‍ത്തി നഗരം വേഷ് പിടിച്ചെടുത്തെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. പാകിസ്ഥാന്‍ നഗരമായ ചമനിന്റെയും അഫ്ഗാന്‍ നഗരമായ വേഷിന്റെയും ഇടയിലെ തന്ത്രപ്രധാന അതിര്‍ത്തിയിലാണ് താലിബാന്‍ കൊടി ഉയര്‍ത്തിയത്. അഫ്ഗാനിലെ ഏറ്റവും തിരക്കേറിയ പ്രവേശന കവാടവും രാജ്യത്തെ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയുമാണിത്.

സൗഹൃദ കവാടത്തിലെ അഫ്ഗാന്‍ പതാകക്ക് പകരം താലിബാന്റെ പതാക ഉയര്‍ത്തിയെന്ന് പാക് അധികൃതരും സമ്മതിച്ചു. പാകിസ്ഥാന്‍-അഫ്ഗാന്‍ വ്യാപാര ബന്ധത്തിന്റെ നിര്‍ണായകമാണ് വേഷ് നഗരമെന്നും പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ പല മേഖലകളിലും താലിബാന്‍ പിടിമുറുക്കുകയാണ്. ഹെരാത്ത്, ഫറാ, കുന്ദുസ് പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനിലെ ഗോത്ര വംശജരെ താലിബാന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലേ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona