ജലാലാബാദിൽ പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാൻ ഈ വാദം നിഷേധിക്കുകയാണുണ്ടായത്.
കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നു. ജലാലാബാദ് നഗരത്തിൽ ഒരു പാകിസ്ഥാൻ ജെറ്റ് വെടിവെച്ചിട്ടെന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാൻ സൈന്യം അറിയിച്ചു. എന്നാൽ, പാകിസ്ഥാൻ ജെറ്റ് വിമാനം വെടിവച്ചിട്ട ശേഷം പൈലറ്റിനെ പിടികൂടിയതായി അഫ്ഗാൻ സൈന്യവും പൊലീസും നടത്തിയ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ജലാലാബാദ് നഗരത്തിൽ തകർന്നുവീഴുന്നതിന് മുമ്പ് ജെറ്റിൽ നിന്ന് പാകിസ്ഥാന്റെ പൈലറ്റ് പാരച്യൂട്ട് വഴി ചാടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്ന് കൂടുതൽ പ്രത്യാക്രമണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. എല്ലാ ആക്രമണങ്ങളെയും ശക്തമായി നേരിടുമെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. ഏറ്റവും പുതിയ ആക്രമണങ്ങളിൽ 72 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. 16 താലിബാൻ പോസ്റ്റുകൾ നശിപ്പിക്കപ്പെട്ടുവെന്നും ഏഴ് എണ്ണം പിടിച്ചെടുത്തുവെന്നും ഒരു വലിയ വെടിമരുന്ന് ഡിപ്പോ, 36 ലധികം ടാങ്കുകൾ, പീരങ്കി തോക്കുകൾ, കവചിത പേഴ്‌സണൽ കാരിയറുകൾ എന്നിവ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സായുധ സേന ഗംഭീരമായ മറുപടി നൽകുന്നുണ്ടെന്നും ആഭ്യന്തര രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തതായും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാൻ സാധ്യമാകുന്നിടത്തെല്ലാം അയൽക്കാരുമായി സമാധാനം തേടുമെന്നും എന്നാൽ ഭീഷണികളെ നേരിടാൻ മടിക്കില്ലെന്നും പി.ടി.ഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ വ്യക്തമാക്കി.


