തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രം പങ്കുവെച്ചാണ് കുറിപ്പ്.

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റിനൊപ്പം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നുണ്ട്. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, കമ്യൂണിസ്റ്റ് പാർട്ടിയിലെ സഖാക്കൾക്കും കേരള ജനതയ്ക്കും അനുശോചനം അർപ്പിക്കുന്നുവെന്ന് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. വി.എസിന് നേരിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രി എസ്. രഘുപതിയെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.