ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുന്നതായി ട്രംപ്. മോദിയുമായി ചർച്ച നടത്തുമെന്നും ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വാഷിങ്ടൺ: ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

'ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'- ട്രംപ് കുറിച്ചു

ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്:

അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൾക്കുമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുട‌ന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നാണ് യു എസ് ഫെഡറൽ കോടതി ചൂണ്ടിക്കാട്ടിയത്.