Asianet News MalayalamAsianet News Malayalam

തു‌ർക്കിയിൽ എ‍ർദോ​ഗൻ തന്നെ! രണ്ടാംഘട്ട വോട്ടെടുപ്പിൽ അധികാരമുറപ്പിച്ചു, ഏക വിജയി തുർക്കി തന്നെയെന്ന് പ്രതികരണം

രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണ് ഉയർത്തിരുന്നു. ഇതിനെ അതിജീവിച്ചാണ് എർദോ​ഗൻ വിജയം നേടിയത്.

Tayyip Erdogan claims victory in turkey presidential election btb
Author
First Published May 29, 2023, 12:51 AM IST

ഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടി നിലവിലെ പ്രസിഡന്റായ തയിപ് എർദോ​ഗൻ. 52.1 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗന്‍ ഭരണം ഉറപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണ് ഉയർത്തിരുന്നു. ഇതിനെ അതിജീവിച്ചാണ് എർദോ​ഗൻ വിജയം നേടിയത്.

നേരത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് മെയ് പകുതിക്ക് നടന്നെങ്കിലും ആ‌‍ർക്കും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. എർദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി  കമാൽ കിലിച്ദാറുലുവിന് 44.38 ശതമാനം വോട്ടുമാണ് അന്ന് നേടാൻ സാധിച്ചത്. 20 വ‌ർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എർദോഗനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

2017ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുർക്കി മാറിയത്. അതേസമയം, അടുത്ത അഞ്ച് വർഷം ഭരിക്കാനുള്ള ഉത്തരവാദിത്തം വോട്ടർമാർ നൽകിയെന്നാണ് ഏർദോ​ഗൻ പ്രതികരിച്ചത്. ഏക വിജയി തുർക്കിയാണെന്നും പിന്തുണ നൽകിയവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കമാൽ കിലിച്ദാറുലു ഇതുവരെ പ്രതികരിച്ചിട്ടില്ല.  ജീവിതച്ചെലവ് പ്രതിസന്ധിയിലായതിനെത്തുടർന്ന് എർദോഗന്റെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്. വിജയത്തോടെ അധികാര സ്ഥാനത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കാന്‍ ഒരുങ്ങുകയാണ് തയിപ് എർദോ​ഗൻ. 

'പ്രാധാന്യം നഷ്ടപ്പെടും'; വിവാഹ മോചന നോട്ടീസ് ലഭിച്ച ശേഷം സ്ത്രീപീഡന പരാതി നൽകാനാവില്ലെന്ന് ഹൈക്കോടതി

Follow Us:
Download App:
  • android
  • ios