തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ
വാഷിംഗ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ടെലികമ്മ്യൂണിക്കേഷൻ തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ പ്രതികരിച്ചിട്ടുള്ളത് . തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ 22 റീജണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വിശദമാക്കി. സൈബർ ആക്രമണമോ അട്ടിമറിയോ ആണ് സംഭവത്തിന് പിന്നിലെന്ന് സൂചനകളില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സാങ്കേതിക വിദഗ്ധർ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുതിയ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധി. തകരാറുമായി ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റർനെറ്റ്, ആശയവിനിമയ തകരാർ ബാധിച്ചു. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം; വെബ്സൈറ്റുകളിൽ പഴയ വിവരങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.














