വ്യാഴാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന 136 മീറ്റർ ഉയരമുള്ള ബി1 പാലം യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഭാഗികമായി തകർന്നിരുന്നു. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടെഹ്‌റാൻ: ഇറാനിലെ ഏറ്റവും ഉയരം കൂടിയ പാലമായ ബി1 യുഎസ്-ഇസ്രായേൽ സഖ്യം ബോംബിട്ട് തകർത്തതിന് പിന്നാലെ അയൽരാജ്യങ്ങളിലെ എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ പാലങ്ങളാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ ലക്ഷ്യമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇറാൻ പുറത്തുവിട്ട പട്ടികയിൽ കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് സീ ബ്രിഡ്ജും, യുഎഇയിലെ ഷെയ്ഖ് സായിദ് ബ്രിഡ്ജ്, അൽ മഖ്ത ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ് എന്നിവയും, സൗദിയിലെയും ബഹ്റൈനിലെയും കിംഗ് ഫഹദ് കോസ്‌വേ, ജോർദാനിലെ കിംഗ് ഹുസൈൻ ബ്രിഡ്ജ്, ദാമിയ ബ്രിഡ്ജ്, അബ്ദൂൺ ബ്രിഡ്ജ് എന്നിവയും ഉൾപ്പെടുന്നുണ്ട്

വ്യാഴാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന 136 മീറ്റർ ഉയരമുള്ള ബി1 പാലം യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഭാഗികമായി തകർന്നിരുന്നു. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകി. "ഇറാനെ ശിലായുഗത്തിലേക്ക് ബോംബിട്ട് മാറ്റും" എന്നായിരുന്നു ട്രംപിന്റെ പരാമർശം. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ബാക്കിയുള്ളതും തകർക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സിവിൽ നിർമ്മാണങ്ങളെ ആക്രമിക്കുന്നത് ഇറാൻ ജനതയെ കീഴടങ്ങാൻ പ്രേരിപ്പിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചു. ശത്രുവിന്റെ ധാർമ്മിക തകർച്ചയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1,340-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.