ഇറാന്റെ ഇന്ധന കയറ്റുമതി തടയാൻ അമേരിക്ക അഞ്ച് ഓയിൽ ടാങ്കറുകൾ തകർത്തതോടെ സംഘർഷം രൂക്ഷമായി. തിരിച്ചടിയായി ഇറാൻ അമേരിക്കൻ പടക്കപ്പലുകൾ ആക്രമിക്കുകയും ആളില്ലാ അന്തർവാഹിനി പിടിച്ചെടുക്കുകയും ചെയ്തു.

ടെഹ്റാൻ: ഇറാന്റെ ഇന്ധന കയറ്റുമതിയെ നശിപ്പിക്കാനൊരുങ്ങി, കപ്പലുകൾ തകർത്ത് അമേരിക്കയുടെ ആക്രമണം. ഒറ്റ രാത്രിയിൽ ഇറാന്റെ അഞ്ച് ടാങ്കറുകൾ അമേരിക്ക തകർത്തു. തിരിച്ചടിയായി ജോർദാനിലേക്ക് മാത്രം ഇരുപത് ബാലിസ്റ്റിക് മിസൈവുകൾ ഇറാൻ അയച്ചു. അമേരിക്കയുടെ പടക്കപ്പലുകളും ആക്രമിച്ച ഇറാൻ, അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു. മറ്റു പതിനെട്ടു കപ്പലുകളെയും ലക്ഷ്യം വെച്ചതായും ഇറാൻ അവകാശപ്പെട്ടു. അതേസമയം, സംഘർഷം കനത്തതോടെ ക്രൂഡോയിൽ വില കുതിച്ചു.

രണ്ട് തവണകളിലായി 28 കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിൽ 8ഉം ഇറാന്റെ ഇന്ധന ടാങ്കറുകൾ ആണ്. നാലെണ്ണം അമേരിക്കയുടെ പടക്കപ്പലുകൾ. ബാക്കിയുള്ളവ ഹോർമൂസ് കടക്കാൻ ശ്രമിച്ച കപ്പലുകൾ. ഇറാൻ അമേരിക്ക യുദ്ധം പരസ്പരം കപ്പലുകൾ നശിപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. കേവലം ആക്രമിക്കുന്നതിനപ്പുറം, എണ്ണ കയറ്റുമതി ഇല്ലാതാക്കാൻ കപ്പലുകൾ സമ്പൂർണമായി മുക്കുന്നതാണ് അമേരിക്കയുടെ ആക്രമണം. ഇന്നലെ രാത്രി ഇറാന്റെ അഞ്ച് ടാങ്കറുകളെ ആക്രമിച്ചതിന് പകരം രണ്ട് അമേരിക്കൻ പടക്കപ്പലുകളെയും 8 ഓയിൽ ടാങ്കറുകളെയും പത്ത് മറ്റ് കപ്പലുകളേയും ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. പടക്കപ്പലുകൾ ആക്രമിക്കപ്പെട്ടെന്നും നാശനഷ്ടങ്ങളില്ലെന്നും അമേരിക്ക സ്ഥിരീകരിച്ചു.

വ്യോമയാന മേഖലയിൽ ഉൾപ്പെടെ ഇറാൻ ബന്ധമുള്ള 36 കമ്പനികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി ഇറാൻ പിടിച്ചെടുത്തത് വൻ നേട്ടമാക്കി ഇറാൻ. എന്നാൽ നിർണായക വിവരങ്ങൾ ഉൾക്കൊള്ളുന്നതല്ല ഇതെന്ന് അമേരിക്ക പ്രതികരിച്ചു. ജോർദാനിലേക്ക് മാത്രം 20 ബാലിസ്റ്റിക് മിസൈലുകൾ ഇറാനയച്ചു. പതിനെട്ടും തകർത്തതായി ജോർദാൻ അറിയിച്ചു. ഹോർമൂസിന് പുറത്തും നിയന്ത്രണ മേഖല പ്രഖ്യാപിച്ച് മറ്റു കപ്പലുകളെ വിലക്കി സമ്പൂർണ ആധിപത്യം നേടാനുള്ള ഇറാന്റെ ശ്രമമാണ് പുതിയ സംഘർഷങ്ങളിലേക്ക് നയിച്ചത്. സാമ്പത്തികമായി ക്ഷീണിപ്പിക്കാനാണ് എണ്ണ കയറ്റുമതി തടഞ്ഞും ഉപരോധം കടുപ്പിച്ചുമുള്ള അമേരിക്കയുടെ ശ്രമം.

YouTube video player