വാക്സിനേഷൻ കാമ്പെയ്‌നുകൾ കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ഇസ്ലാമിക തീവ്രവാദികൾ ആരോപിക്കുന്നു.

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് സുരക്ഷയൊരുക്കിയ ഉദ്യോ​ഗസ്ഥർക്ക് നേരെയുള്ള ഭീകരവാദികളുടെ ബോംബാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റഉദ്യോഗസ്ഥൻ ചൊവ്വാഴ്ച ആശുപത്രിയിൽ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുൻ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. എന്നാൽ, ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാനല്ലെന്നും തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അവകാശപ്പെട്ടു. ഇപ്പോഴും പോളിയോ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. എന്നാൽ, പല ഭീകരവാദ ​ഗ്രൂപ്പുകളും വാക്സിനേഷന് എതിരാണ്. വന്ധ്യംകരണത്തിനായാണ് വിദേശ ശക്തികൾ വാക്സിനിലൂടെ ശ്രമിക്കുന്നതെന്നാണ് ഭീകരവാദ ​ഗ്രൂപ്പുകളുടെ വാദം.

കഴിഞ്ഞ ദിവസം സർക്കാർ വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് മാമുണ്ടിൽ ബോംബാക്രമണം നടന്നത്. വാക്സിനേഷൻ കാമ്പെയ്‌നുകൾ കുട്ടികളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ഇസ്ലാമിക തീവ്രവാദികൾ ആരോപിക്കുന്നു. ഭീകരവാദ ആക്രമണത്തെെ തുടർന്ന് മാമുണ്ടിലെ വാക്സിനേഷൻ യജ്ഞം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും നിർത്തിവച്ചു.