ടെന്നസിയിൽ ക്രിസ്റ്റ പൈക്ക എന്ന വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ അമേരിക്കയിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്
ടെക്സാസ്: ക്രിസ്റ്റ പൈകിന്റെ വധശിക്ഷ പരാജയപ്പെട്ടതിന് പിന്നാലെ 46 വയസുകാരന്റെ വധശിക്ഷ നടപ്പിലാക്കി ടെക്സാസ്. ബുധനാഴ്ചയാണ് ജമാൽ ഹൊവാർഡിന്റെ വധശിക്ഷ നടപ്പിലാക്കിയത്. പെന്റോബാർബിറ്റൽ എന്ന വിഷവസ്തു കുത്തിവച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ ആഴ്ച ടെന്നസിയിൽ ക്രിസ്റ്റ പൈക്ക എന്ന വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ അമേരിക്കയിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. മരണശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹൊവാർഡിന്റെ അഭിഭാഷകർ ശിക്ഷ തടയണമെന്ന ആവശ്യവുമായി ടെക്സസിലെ ക്രിമിനൽ അപ്പീൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹർജികൾ തള്ളിക്കളഞ്ഞു. ക്രിസ്റ്റ പൈക്കിന് നൽകിയ അതേ മരുന്ന് തന്നെയാണ് ഹൊവാർഡിനും നൽകുന്നതെന്നും, മരുന്നിന്റെ കാലാവധി കഴിഞ്ഞതുകൊണ്ട് പൈക്കിന് സംഭവിച്ചത് പോലെ കഠിനമായ പാർശ്വഫലങ്ങളും പരാജയവും ഇവിടെയും സംഭവിക്കാൻ സാധ്യതയുണ്ടെന്നുമാണ് അഭിഭാഷകർ വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ നിരാകരിച്ച കോടതി യാതൊരു വിശദീകരണവും കൂടാതെ അപ്പീൽ തള്ളുകയായിരുന്നു. യുഎസ് സുപ്രീം കോടതിയും അവസാന നിമിഷത്തിലെ ഹർജി തള്ളി.
2001ൽ ടെക്സസിലെ സിൽസ്ബിയിലുള്ള ഒരു കടയിൽ കവർച്ച നടത്തുന്നതിനിടെ 42 കാരിയായ വിക്കി സ്വാർട്ടൗട്ട് എന്ന ജീവനക്കാരിയെ വെടിവെച്ചുകൊന്ന കേസ്സിലാണ് ജമാൽ ഹൊവാർഡിന് വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഇരയായ സ്ത്രീയുടെ കുടുംബാംഗങ്ങളോട് താൻ ചെയ്ത തെറ്റിന് ഹൊവാർഡ് മാപ്പപേക്ഷിക്കുകയും അവരുടെ മാപ്പ് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. മാനസികവളർച്ചക്കുറവുള്ള വ്യക്തിയായിരുന്നു ഹൊവാർഡെന്നും അതിനാൽ അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ മുമ്പ് വാദിച്ചിരുന്നു. ടെക്സസിൽ ഈ വർഷം നടക്കുന്ന ആറാമത്തെ വധശിക്ഷയാണിത്. അമേരിക്കയിലൊട്ടാകെ ഈ വർഷം നടപ്പിലാക്കുന്ന മുപ്പതാമത്തെ മരണശിക്ഷ കൂടിയാണ് ജമാൽ ഹൊവാർഡിന്റേത്.


