വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ തകരാറ് വലിയ ആലിപ്പഴങ്ങളോ പക്ഷി ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല
പട്ന: ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പട്‌നയിൽ നിന്ന് ലക്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് മിന്നലേറ്റത്. വിമാനം അടിയന്തരമായി ഇറക്കിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതർ എന്ന് ഇൻഡിഗോ വിശദമാക്കി. 104 യാത്രക്കാരും 6 ജീവനക്കാരുമായി സഞ്ചരിച്ച ഇൻഡിഗോയുടെ 6ഇ925 വിമാനത്തിനാണ് ഏകദേശം 17000 അടി ഉയരത്തിൽ പറക്കുമ്പോൾ മുൻവശത്ത് മിന്നലടിച്ചത്. വിമാനത്തിന്റെ നോസ് സെക്ഷന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാധാരണയായി വിമാനങ്ങളുടെ ബാഹ്യഭാഗം ഇടിമിന്നലിനെ പ്രതിരോധിക്കാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, മിന്നലേറ്റാൽ വൈദ്യുതി വിമാനത്തിന്റെ പുറംഭാഗത്തൂടെ കടന്നുപോയി ചിറകുകളിലൂടെയോ വാലിലൂടെയോ പുറന്തള്ളപ്പെടുകയാണ് പതിവെന്നും ചില വ്യോമയാന വിദഗ്ധർ വിശദമാക്കുന്നത്. അതിനാൽ വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ തകരാറ് വലിയ ആലിപ്പഴങ്ങളോ പക്ഷി ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.
ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് തുടര്‌ന്ന് സർവീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. വിമാനം നിലത്തിറക്കിയതിനെ തുടർന്ന് യാത്രാ സർവീസ് റദ്ദാക്കുകയും, യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുകയോ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചു നൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനി അറിയിച്ചു. നിലവിൽ വിമാനക്കമ്പനിയുടെ എൻജിനീയറിംഗ് സംഘം വിശദമായ പരിശോധന നടത്തി വരികയാണ്. ഡി.ജി.സി.എ വിദഗ്ധ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.


