2014ലാണ് തായ് എയര്‍വേയ്സില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായിരുന്ന സുതിദയെ തന്‍റെ ബോഡിഗാര്‍ഡ് യൂണിറ്റിന്‍റെ തലപ്പത്തേക്ക് വജ്രലോങ്കോണ്‍ നിയമിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശമാധ്യമങ്ങള്‍   വാര്‍ത്ത നല്‍കിയെങ്കിലും തങ്ങള്‍ക്ക് അതിനെപ്പറ്റി അറിവില്ലെന്നായിരുന്നു കൊട്ടാരത്തിന്‍റെ നിലപാട്

ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്‍റെ പേഴ്സണല്‍ ഗാര്‍ഡ് ഫോഴ്സിന്‍റെ ചുമതലയുള്ള സുതിദ തിദ്ജെയെയാണ് രാജാവ് വിവാഹം ചെയ്തത്. രാജ്ഞി സുതിദ എന്ന് അവരെ നാമകരണവും നടത്തി. 

പിതാവ് ഭൂമിഭോല്‍ അദുല്യദേജിന്‍റെ മരണത്തോടെ 2016 ഒക്ടോബറിലാണ് 65കാരനായ വജ്രലോങ്കോണ്‍ രാജപദവിയിലെത്തിയത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായാണ് ബുദ്ധ-ബ്രാഹ്മണ വിധിപ്രകാരം അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. മൂന്ന് തവണ വിവാഹമോചിതനായ രാജാവിന് ഏഴ് മക്കളാണുള്ളത്. 

2014ലാണ് തായ് എയര്‍വേയ്സില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായിരുന്ന സുതിദയെ തന്‍റെ ബോഡിഗാര്‍ഡ് യൂണിറ്റിന്‍റെ തലപ്പത്തേക്ക് വജ്രലോങ്കോണ്‍ നിയമിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും തങ്ങള്‍ക്ക് അതിനെപ്പറ്റി അറിവില്ലെന്നായിരുന്നു കൊട്ടാരത്തിന്‍റെ നിലപാട്. 2017ല്‍ റോയല്‍ തായ് ആര്‍മി മേധാവിയായി സുതിദ നിയമിതയായി. രാജകീയവനിത എന്നര്‍ത്ഥം വരുന്ന താന്‍പ്യുയിങ് എന്ന വിശേഷണവും അതോടെ അവര്‍ക്ക് ലഭിച്ചിരുന്നു. രാജകീയപ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹിതരായ കാര്യം പുറത്തറിഞ്ഞത്. കൊട്ടാരത്തില്‍ നടന്ന വിവാഹച്ചടങ്ങിന്‍റെ ദൃശ്യങ്ങളും ടെലിവിഷന്‍ ചാനലുകളിലൂടെ പിന്നീട് പുറത്തുവിട്ടു.