മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്‌ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു

തായ്‌ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്‌ലൻഡ് ഉൾക്കടലിൽ മുങ്ങിയത്. പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്‌ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. 1987 മുതൽ തായി നാവികസേന ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 

ചാരസാറ്റലൈറ്റ് വിക്ഷേപിച്ച് ഉത്തരകൊറിയ 

ചാര സാറ്റലൈറ്റ് പരീക്ഷിച്ച് ഉത്തര കൊറിയ. സൈനിക ആവശ്യങ്ങൾക്കായുള്ള ചാര സാറ്റലൈറ്റിന്റെ അവസാഘട്ട പരീക്ഷണമാണ് നടന്നത്. അടുത്ത വർഷം ഏപ്രിലിൽ സാറ്റലൈറ്റ് കമ്മീഷൻ ചെയ്യാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് ഉത്തര കൊറിയ പരീക്ഷണ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ആണാവായുധം വഹിക്കാൻ ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ ഇന്നലെ പരീക്ഷിച്ചിരുന്നു. ജപ്പാൻ വരെ എത്തുന്ന മിസൈലുകളാണ് പരീക്ഷിച്ചത്. 

ട്വിറ്റ‍ർ തലപ്പത്ത് തുടരണോ? വോട്ടെടുപ്പുമായി മസ്ക് 
ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോ എന്ന ചോദ്യവുമായി ഇലോൺ മസ്ക്. ട്വിറ്ററിൽ ചോദ്യമിട്ടാണ് മസ്കിന്റെ വോട്ടെടുപ്പ്. ഇപ്പോഴും തുടരുന്ന വോട്ടെടുപ്പിൽ 50 ശതമാനത്തിൽ അധികം പേരും മസ്ക് മേധാവി സ്ഥാനത്ത് നിന്നും ഒഴിയണമെന്നാണ് ആവശ്യപ്പെടുന്നത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും ഇലോൺ മസ്ക് പിറകെ ട്വീറ്റ് ചെയ്തു. അതിനിടെ ട്വിറ്ററിൽ മറ്റു സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമുഹിക മാധ്യമങ്ങളുടെ കണ്ടന്റും ലിങ്കും ട്വിറ്ററിൽ പങ്ക് വയക്കുന്നതിനാണ് വിലക്ക്. ചൈനീസ് കന്പനിയായ ടിക്ക്ടോക്കിനും ലിങ്കഡിനും വില്ലക്കില്ല. ട്വിറ്റരിന്റെ തീരുമാനത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.