Asianet News MalayalamAsianet News Malayalam

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി: രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി

പരാതിക്കാരന്‍റെ വാദം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജ്‍മാൻ കോടതി ഹർജി തള്ളിയത്. ഗൾഫിൽ തനിക്ക് വ്യാജ ചെക്ക് നൽകിയെന്ന് കാട്ടി നാസിൽ അബ്ദുള്ളയെന്ന കൊടുങ്ങല്ലൂർ സ്വദേശിയാണ് തുഷാറിനെതിരെ കേസ് നൽകിയത്. 

the financial fraud case against thushar vellappally dismissed
Author
Ajman - United Arab Emirates, First Published Sep 8, 2019, 2:30 PM IST

അജ്മാൻ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്‍മാൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി.

നീതിയുടെ വിജയമെന്നാണ് തുഷാർ വെള്ളാപ്പള്ളി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. വലിയ തട്ടിപ്പിൽ നിന്നുമാണ് താൻ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും എം എ യൂസഫലിക്കും നന്ദിയെന്നും തുഷാർ പ്രതികരിച്ചു.

നേരത്തേ നാട്ടിലേക്ക് തുഷാർ പോകുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കോടതി തള്ളിയിരുന്നു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം തുഷാർ പറഞ്ഞിരുന്നു. 

വണ്ടിച്ചെക്ക് നൽകിയെന്ന് കാട്ടിയാണ് തുഷാറിനെതിരെ നാസിൽ പരാതി നൽകിയത്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം. 

പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് തകർന്ന് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായെന്നും ഇതിനിടെ പലതവണ കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നാസില്‍ അബ്ദുള്ള ആരോപിച്ചു. 

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന് തുഷാർ വാദിച്ചിരുന്നു. നാസിൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ അത്രയും തുക താൻ നൽകാനില്ലെന്നും തുഷാർ വാദിച്ചു. 

Follow Us:
Download App:
  • android
  • ios