ഭൂചനത്തിന്‍റെ തുടക്കത്തില്‍ ഒരു മുറിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

ബീജിങ്: 6.2 തീവ്രത രേഖപ്പെടുത്തിയ ചൈനയിലെ ഭൂചലനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‍ലിയാണ് ഭൂചലനത്തിന്‍റെ ദൃശ്യം പുറത്തുവിട്ടത്. 110 ലധികം പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 400ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. 

ഭൂചനത്തിന്‍റെ തുടക്കത്തില്‍ ഒരു മുറിയിലെ ദൃശ്യങ്ങളാണ് പീപ്പിള്‍സ് ഡെയ്‍ലി പുറത്തുവിട്ടത്. മുറി മുഴുവന്‍ കുലുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും കേള്‍ക്കാം. പിന്നാലെ പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിങ് പറഞ്ഞു. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലമുണ്ടായത്. ഗാന്‍സു, ലൈന്‍സൌ, ക്വിന്‍ഹായ്, ഹയിഡോംഗ് തുടങ്ങിയ മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. തണുത്തുറഞ്ഞ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 

'മരിച്ചെന്നാണ് കരുതിയത്. എന്‍റെ കയ്യും കാലും ഇപ്പോഴും വിറയ്ക്കുന്നു. വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു'- 30 വയസ്സുകാരി പറഞ്ഞു. ഗാന്‍സുവിന്‍റെ തലസ്ഥാനത്തു നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ചൈനയില്‍ ഏറ്റവും ദുരിതം വിതച്ച ഭൂകമ്പം ഉണ്ടായത് 2008ലാണ്. 87,000 പേര്‍ അന്ന് മരിക്കുകയോ കാണാതാവുകയോ ചെയ്തു.അവരില്‍ 5335 പേര്‍ കുട്ടികളായിരുന്നു.

Scroll to load tweet…