പൈലറ്റിനെ രക്ഷിക്കാനെന്ന പേരിൽ അമേരിക്ക നടത്തിയ സൈനിക നീക്കം യഥാർത്ഥത്തിൽ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനായിരുന്നുവെന്ന് ഇറാൻ ആരോപിച്ചു. രക്ഷാദൗത്യം നടന്നുവെന്ന് പറയുന്ന സ്ഥലവും സൈന്യം ഇറങ്ങിയ സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടെന്നും, ഈ നീക്കം അമേരിക്കയെ സംബന്ധിച്ച് വലിയ ദുരന്തത്തിലാണ് അവസാനിച്ചതെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
ടെഹ്റാൻ: പൈലറ്റിന്‍റെ രക്ഷാദൗത്യം എന്ന പേരിൽ അമേരിക്ക യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാനാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പൈലറ്റ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന കൊഹ്‍ഗിലുയേ പ്രവിശ്യയും അമേരിക്കൻ സൈന്യം ഇറങ്ങാൻ ശ്രമിച്ച മധ്യ ഇറാന്റെ ഭാഗങ്ങളും തമ്മിൽ വലിയ ദൂരമുണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഖേയ് ചൂണ്ടിക്കാട്ടി. ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന 450 കിലോഗ്രാമോളം യുറേനിയം ഇറാന്റെ പക്കലുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ആരോപണം. അതേസമയം അമേരിക്കൻ നീക്കം ഒരു വലിയ ദുരന്തമായാണ് അവസാനിച്ചതെന്നും ഇറാൻ പരിഹസിച്ചു.
ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ എന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ വൈമാനികനെ സാഹസികമായി രക്ഷപ്പെടുത്തിയ യുഎസ് സൈനിക നടപടിക്ക് പിന്നാലെയാണ് ഇറാന്‍റെ ആരോപണം. ഏപ്രിൽ 5-ന് തെക്കുപടിഞ്ഞാറൻ ഇറാനിൽ നടന്ന ഈ രക്ഷാദൌത്യം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്തിലെ വെപ്പൺസ് സിസ്റ്റം ഓഫീസറെ രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ യുഎസ് കമാൻഡോകൾ കണ്ടെത്തിയത്. ഓപ്പറേഷൻ വിജയിച്ചു എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും യുഎസിന് വലിയ നഷ്ടം സംഭവിച്ചെന്നാണ് വിലയിരുത്തൽ. സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ അമേരിക്ക രണ്ട് എംസി 130ജെ വിമാനങ്ങൾ സ്വയം തകർത്തെന്നാണ് റിപ്പോർട്ട്.
ഇറാന്റെ സമ്പൂഷ്ടികരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ ട്രംപ് കരയുദ്ധത്തിന് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2025 ജൂണിൽ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ ഇസ്ഫഹാനിലെയും നതാൻസിലെയും ഭൂഗർഭ തുരങ്കങ്ങളിൽ ഇപ്പോഴും യുറേനിയം ശേഖരം സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ, സമ്പുഷ്ടീകരിച്ച യുറേനിയം ബലം പ്രയോഗിച്ച് കൈക്കലാക്കാൻ ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകാനിടയുണ്ടെന്നാണ് റിപ്പോർട്ട്.

