പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിനാണ് തുടങ്ങുക. പേപ്പൽ കോൺക്ലേവിന്‍റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചിരിക്കുകയാണ്.
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ 267-മത്തെ മാർപാപ്പയെ കുറിച്ച് കർദിനാൾമാർ ചർച്ച ചെയ്‌തെന്ന് വത്തിക്കാൻ. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോട് ചേർന്ന് നിൽക്കുന്ന ഇടയൻ വേണമെന്ന അഭിപ്രായമാണ് ഉയർന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള 133 കർദിനാൾമാരും റോമിലെത്തി. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം തിരഞ്ഞെടുക്കപ്പെടുന്നയാൾ എന്നും വിശ്വാസത്തിന്റെ പ്രചാരണം, സൃഷ്ടിയോടുള്ള കരുതൽ, യുദ്ധം തുടങ്ങിയ വെല്ലുവിളികളാണ് മുന്നിൽ എന്നും വത്തിക്കാൻ വ്യക്തമാക്കി.
പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിനാണ് തുടങ്ങുക. പേപ്പൽ കോൺക്ലേവിന്‍റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് തീയതി കുറിച്ചത് കർദിനാൾ തിരുസംഘമാണ്. പോപ്പിന്‍റെ വിയോഗത്തിന് ശേഷമുള്ള കർദിനാൾമാരുടെ അഞ്ചാമത്തെ പൊതുയോഗത്തിലാണ് മെയ് ഏഴിന് കോൺക്ലേവ് തുടങ്ങാൻ തീരുമാനിച്ചത്.
80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ബസേലിയോസ്ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കും. മെയ് ഏഴിന് രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷം കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങും. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം ധ്യാനപ്രസംഗത്തിന് ശേഷം ആദ്യ ബാലറ്റ്.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വോട്ടെടുപ്പ് നടക്കുക. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒരാൾക്ക് ലഭിക്കും വരെ വോട്ടെടുപ്പ് തുടരണമെന്നാണ് ചട്ടം. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുമ്പോഴാകും പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി ലോകം അറിയുക. 2005 ൽ ബനഡിക്ട് പതിനാറാമാൻ മാർപാപ്പയും 2013 ൽ പോപ്പ് ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവുകൾ രണ്ട് ദിവസത്തിൽ അവസാനിച്ചിരുന്നു.
ലൈംഗികതയിലും അഭയാർത്ഥി പ്രശ്നത്തിലും അടക്കം ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ പിന്തുടരുന്നവരും പരമ്പരാഗത രീതികൾ കർശനമായി പിന്തുടരണമെന്ന് താത്പര്യപ്പെടുന്ന യാഥാസ്ഥിതികവാദികളും തമ്മിലുള്ള ഭിന്നതകൾ കടുത്താൽ കോൺക്ലേവ് നീണ്ടുപോകുമെന്നാണ് വത്തിക്കാൻ നിരീക്ഷകരുടെ വിലയിരുത്തൽ. അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന കോൺക്ലേവിന്‍റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. പുതിയ പോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം മാത്രമാകും വിശ്വാസികൾക്ക് മുന്നിൽ ഇനി ചാപ്പൽ തുറക്കുക.
Read More:ഓലയും മടലും ശേഖരിക്കാൻ കൊതുമ്പു വള്ളത്തിൽ ആറ്റിലിറങ്ങി, ഭാരം താങ്ങാതെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു


