അടുത്ത പോപ്പിനെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലൈവ് നടക്കാനിരിക്കുകയാണ്. ആരാകും അടുത്ത പോപ്പെന്ന് ലോകം ഉറ്റുനോക്കുന്നു. പേപ്പല്‍ കോണ്‍ക്ലേവ് ചടങ്ങുകളെക്കുറിച്ച് വായിക്കാം ലോകജാലകം.
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവുകൾ ലോകത്തിന് കൗതുകമാണ്. മേയ് 6 -നും 11 -നും ഇടയിലായിരിക്കും ഫ്രാൻസിസ് മാർപാപ്പയുടെ അനന്തരാവകാശിയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് നടക്കുക. ദുഃഖാചരണത്തിനുള്ള 9 ദിവസം കഴിഞ്ഞ ശേഷം. മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് കർദ്ദിനാൾമാരാണ്. സിസ്റ്റീൻ ചാപ്പലിലെ മൈക്കലാഞ്ചലോയുടെ പെയിന്‍റിംഗ് മനോഹരമാക്കിയ മേൽക്കൂരയ്ക്ക് താഴെ നടക്കുന്ന രഹസ്യയോഗത്തിൽ വോട്ടിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് കഴിയുമ്പോൾ പുകക്കുഴലിലൂടെ വരുന്നത് വെളുത്ത പുകയെങ്കിൽ വത്തിക്കാന് പുതിയ മേധാവിയായിക്കഴിഞ്ഞു എന്നർത്ഥം. കറുത്ത പുകയെങ്കിൽ ആർക്കും ഭൂരിപക്ഷമില്ലെന്നും.
കാമർലെങ്കോ
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങുകളാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിന്‍റെ ഒരുക്കങ്ങളുടെ ചുമതല കാമർലെങ്കോയ്ക്കാണ്. മാർപാപ്പ നേരിട്ട് തെരഞ്ഞെടുക്കുന്ന, മാർപാപ്പയോട് ഏറ്റവും അടുപ്പമുള്ള കർദ്ദിനാളാണ്, കാമർലെങ്കോ എന്നറിയപ്പെടുന്നത്. ഇപ്പോഴത്തെ കാമർലെങ്കോ, കർദ്ദിനാൾ കെവിൻ ഫാരലാണ്. ഒരു മാർപാപ്പയുടെ ഭരണം അവസാനിക്കുമ്പോൾ മരണമെങ്കിൽ അത് സ്ഥിരീകരിക്കേണ്ടത് കാമർലെങ്കോയുടെ ചുമതലയാണ്.
വെള്ളിച്ചുറ്റിക കൊണ്ട് നെറ്റിയിൽ തട്ടുന്നതായിരുന്നു പഴയ രീതി. ഇപ്പോഴതില്ല. വത്തിക്കാൻ കൊട്ടാരത്തിന്‍റെ ചുമതല കാമർലെങ്കോ ഏറ്റെടുക്കും. മോതിരവും മുദ്രയും നശിപ്പിക്കും. കർദ്ദിനാൾമാരെ അറിയിക്കും. പിന്നെ കോൺക്ലേവിനുള്ള ഒരുക്കങ്ങൾ. മാർപാപ്പ സ്ഥാനമൊഴിയുകയാണെങ്കിലും ഇതുതന്നെയാണ് ചടങ്ങുകൾ.

മെത്രാമണ്ഡപം
മെത്രാമണ്ഡപം (Conclave) സാധാരണയായി 15 - 20 ദിവസത്തിനകം നടക്കും. 80 കഴിഞ്ഞ കർദ്ദിനാൾമാർ സാധാരണ പങ്കെടുക്കാറില്ല. ഇപ്പോഴുള്ള 252 കർദ്ദിനാൾമാരിൽ 135 പേരാണ് ഇത്തവണ വോട്ടർമാർ. ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ 21 കർദ്ദിനാൾമാരെ തെരഞ്ഞെടുത്തിരുന്നു. പുരോഗമനവാദികൾ, അവരും പങ്കെടുക്കുന്നുണ്ടാവും കോൺക്ലേവിൽ. വോട്ടെടുപ്പ് കാലത്ത് കർദ്ദിനാൾമാർ താമസിക്കുന്നത് സെന്‍റ്. മാർതാസ് ഹൗസ് (St. Marthas House) എന്ന ഗസ്റ്റ് ഹൗസിലാണ്. ജോൺ പോൾമാർപാപ്പയുടെ കാലത്താണ് ഇതിന്‍റെ നിർമ്മാണം പൂർത്തിയായത്. അതുവരെ താൽകാലിക സെല്ലുകളിലായിരുന്നു കർദ്ദിനാൾമാരുടെ താമസം. വോട്ടിംങ് നടക്കുന്നത് തൊട്ടടുത്തുള്ള സിസ്റ്റിന്‍ ചാപ്പലിലും (Sistine Chapel).
രഹസ്യ വോട്ട്
ഈ സ്ഥലം മുഴുവൻ അതീവ സുരക്ഷയിലാണ് പിന്നെ. കർദ്ദിനാൾമാരുടെ സെക്രട്ടറിമാർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലയുള്ളർ, ഡോക്ടർമാർ എന്നിവർക്കേ പ്രവേശനമുള്ളു. നിശബ്ദതയുടെ ചട്ടക്കൂട് ലംഘിച്ചാൽ മതത്തിൽ നിന്ന് തന്നെ ഭ്രഷ്ടാണ് ശിക്ഷ. പത്രങ്ങളോ, ഫോണോ കർദ്ദിനാൾമാർ ഉപയോഗിക്കാൻ പാടില്ല. സിസ്റ്റിന്‍ ചാപ്പലിൽ രഹസ്യ ബാലറ്റാണ് നടക്കുക. കോൺക്ലേവിന്‍റെ ആദ്യദിവസം ഒരു വോട്ട്, രണ്ടാം ദിവസം നാല്. ദീർഘചതുരത്തിലെ പേപ്പറിൽ 'മാർപാപ്പയായി ഞാൻ തെരഞ്ഞെടുക്കുന്നു' എന്ന വാചകമുണ്ടാവും. താഴെ പേരെഴുതണം. ആരാണെഴുതിയത് എന്ന് മനസിലാകാത്തവിധം വേണം എഴുതാൻ. പേപ്പർ രണ്ടായി മടക്കി, കൂട്ടിക്കലർത്തി, എണ്ണി, തുറക്കും.
പുക വെളുപ്പും കറുപ്പും
വോട്ട് കിട്ടുന്നവരുടെ പേര് വിളിച്ച് പേപ്പറുകൾ ഒരു നൂലിൽ കോർക്കും. അപ്പോൾ തന്നെ കത്തിക്കും. അതിന്‍റെ പുക കണ്ടാണ് ലോകം ഫലമറിയുക. കറുത്ത പുക വരാൻ പണ്ട് നനവുള്ള വൈക്കോല്‍ ഉപയോഗിച്ചിരുന്നു. ഇപ്പോൾ കെമിക്കലാണ് ആശ്രയം. എങ്കിലും നിറം തിരിച്ചറിയാൻ ചിലപ്പോൾ കഴിയാതെ വരും. 1978 -ൽ ജോൺപോൾ രണ്ടാമന്‍റെ തെരഞ്ഞെടുപ്പ് ഒടുവിൽ ലോകത്തെ അറിയിച്ചത് ബസിലിക്കയുടെ മണികൾ മുഴക്കിയാണ്. ദിവസങ്ങൾ നീണ്ടേക്കാം കോൺക്ലേവ്. ആഴ്ചകളും മാസങ്ങളും നീണ്ടിട്ടുണ്ട് മുൻകാലങ്ങളിൽ. പതിമൂന്നാം നൂറ്റാണ്ടിൽ ഗ്രിഗറി മാർപാപ്പയെ തെരഞ്ഞെടുക്കാൻ 2 വർഷവും 9 മാസവുമെടുത്തു.

മാറി മറിയുന്ന കണക്കുകൾ
കേവല ഭൂരിപക്ഷം വേണമെന്ന് നിയമമാക്കിയത് ജോൺപോൾ രണ്ടാമനാണ്. പഴയത് പോലെ മൂന്നിൽ രണ്ടാക്കി ബെനഡിക്ടട് പതിനാറാമൻ. മൂന്ന് ദിവസത്തിനകം തെരഞ്ഞെടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഒരു ദിവസം വോട്ടിങ് നടക്കില്ല. പ്രാർത്ഥനയാണ് അന്നേ ദിവസം. 33 റൗണ്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് പേർ തമ്മിലാവും പിന്നെ. അങ്ങനെയൊരു റൺ ഓഫ് ഏർപ്പെടുത്തിയതും ബെനഡിക്ട് പതിനാറാമനാണ്.
ഭൂരിപക്ഷം കിട്ടുന്നയാളോട് ഡീനാണ് സമ്മതം ചോദിക്കുക. പിന്നെ എന്ത് പേരിൽ അറിയപ്പെടണം എന്ന് ചോദിക്കും. ജനങ്ങളോട് പ്രഖ്യാപനം. മുതിർന്ന കർദ്ദിനാൾ സെന്‍റ് പീറ്റേഴ്സിലെ (St.Peters) ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് 'വി ഹാവ് എ പോപ്' (We have a Pope) എന്നറിയിക്കും. പിന്നാലെ മാർപാപ്പയുടെ വേഷവിധാനങ്ങളണിഞ്ഞ പുതിയ പോപ്പ് പ്രത്യക്ഷപ്പെടും. പല അളവുകളിൽ വസ്ത്രം നേരത്തെ തയ്യാറാക്കിവച്ചിട്ടുണ്ടാവും. സ്ഥാനമേൽക്കൽ കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ടാണ്.
വോട്ട് തേടാന്‍ രണ്ടാഴ്ച
വത്തിക്കാനിലെ ചടങ്ങുകളിൽ രാഷ്ട്രീയവുമുണ്ട്. പ്രചാരണം അനുവദനീയമല്ലെങ്കിലും സ്വയം താൽപര്യമുള്ളവർക്ക് അത് ചെയ്യാനുള്ള സമയമുണ്ട്. രണ്ടാഴ്ച കൊണ്ട് എല്ലാം പൂർത്തിയാക്കണമെന്ന് മാത്രം. എല്ലാം കഴിഞ്ഞാൽ വോട്ടിങിന്‍റെ ഫലമെല്ലാം എഴുതിച്ചേർത്ത് അത് പോപ്പിന് കൈമാറും. പിന്നെയത് തുറക്കുന്നത് മാർപാപ്പയുടെ അനുമതിയോടെ മാത്രം.
പേര്
പേര് സ്വയം തെരഞ്ഞെടുക്കുന്നതാണ്. സാധാരണ തന്‍റെ മുൻഗാമികളിൽ ആരുടെയെങ്കിലും പേരാവും തെരഞ്ഞെടുക്കുക. ഫ്രാൻസിസ് മാർപാപ്പ പക്ഷേ അതിലും വ്യത്യസ്തനായി. സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ (St. Francis Of Assissi) പേരാണ് തെരഞ്ഞെടുത്തത്. ആദ്യത്തെ ജസ്യൂട്ട് മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയായിരുന്നു. പുതിയ മാർപാപ്പയുടെ വാഴിക്കൽ പ്രത്യേക കുർബാനയോടെ നടക്കും. ഇതെല്ലാം കഴിയുന്നതുവരെ കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾമാർ വത്തിക്കാനിൽ തന്നെ ഉണ്ടാകും.


