ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.

ഒട്ടാവ: കാനഡയില്‍ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്ലിം കുടുംബത്തിന് ആദരവുമായി ആയിരങ്ങളുടെ മാര്‍ച്ച്. കുടുംബം ആക്രമണത്തിന് ഇരയായ സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്ലാംമത വിശ്വാസികള്‍ ആയതിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയത്. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.

ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

കാനഡയിലെ ടൊറന്റോയില്‍ നാലംഗ പാകിസ്ഥാനി കുടുംബത്തെ ട്രക്കിടിച്ച് കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാമിക വിരോധം വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ ഉണ്ടാകണം. മനുഷ്യരില്‍ വെറുപ്പും വൈരവും നിറയ്ക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടി എടുക്കണമെന്നും ഒരു കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.