ഒരു ബാച്ച് മിഠായി പാക്കറ്റുകൾ ഒന്നടങ്കം തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് പണം മടക്കി നൽകും.
ആംസ്റ്റർഡാം: മിഠായിയിൽ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി നെതർലൻഡ്സ് അധികൃതർ. ജർമൻ കമ്പനിയായ ഹരിബോ വിപണിയിലെത്തിക്കുന്ന ഹാപ്പി കോള ഫിസ് എന്ന മിഠായിയെക്കുറിച്ചാണ് പരാതി. സംഭവത്തെ തുടർന്ന് ഒരു ബാച്ച് മിഠായികൾ മുഴുവനായി വിപണിയിൽ നിന്ന് കമ്പനി തിരിച്ചുവിളിച്ചു.
കോള ബോട്ടിലിന്റെ ആകൃതിയിലുള്ള മിഠായിയാണ് ഹാപ്പി കോള ഫിസ്. ഇതിന്റെ ഒരു കിലോഗ്രാം പാക്കറ്റുകളിൽ നിന്ന് മിഠായി കഴിച്ച കുട്ടികൾക്കും മുതിർന്നവർക്കും തലതറക്കം പോലുള്ള അസ്വസ്ഥതകളുണ്ടായതായി രാജ്യത്തെ ഫുഡ് ആന്റ് കൺസ്യൂമർ പ്രൊഡക്സ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. L341-4002307906 എന്ന കോഡിലുള്ള മിഠായികളിലാണ് പ്രശ്നമെന്ന് കണ്ടെത്തി കമ്പനി ഇത് മുഴുവനായി തിരിച്ച് വിളിച്ചിട്ടുണ്ട്. പാക്കറ്റുകൾ തിരികെ നൽകുന്നവർക്ക് മുഴുവൻ പണവും തിരിച്ചുകൊടുക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. നിരവധി കുട്ടികൾക്കും മുതിർന്നവർക്കും ഈ മിഠായികൾ കഴിച്ച ശേഷം തലകറക്കം പോലുള്ള പ്രശ്നങ്ങളുണ്ടായെന്നും ഇപ്പോഴും വിപണിയിലുള്ള ഈ മിഠായികൾ ആരും ഉപയോഗിക്കരുതെന്നും ഫുഡ് ആന്റ് കൺസ്യൂമർ പ്രൊഡക്സ് സേഫ്റ്റി അതോറിറ്റി വക്താവും ആവശ്യപ്പെട്ടു.
മിഠായി പാക്കറ്റ് വാങ്ങിയ ദമ്പതികൾ പരാതിയുമായി പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിയതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. ഈ മിഠായികൾ കഴിച്ചതിൽ പിന്നെ കുട്ടികൾക്ക് അസുഖം വന്നെന്ന് അവർ അറിയിച്ചു. പിന്നാലെ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ മിഠായികളിൽ കഞ്ചാവ് സാന്നിദ്ധ്യം കണ്ടെത്തി. ഇത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ലെന്ന് പൊലീസും പറയുന്നു. സംഭവത്തിൽ അധികൃതരുമായി അന്വേഷണത്തിൽ സഹകരിക്കുകയാണെന്നും എങ്ങനെയാണ് മിഠായികളിൽ കഞ്ചാവ് കലർന്നതെന്ന് പരിശോധിക്കുകയാണെന്നും ഹരിബോ കമ്പനിയും അറിയിച്ചു.


