അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് ദാരുണ സംഭവം.
വാഷിംഗ്ടൺ: അമേരിക്കയിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ മുങ്ങിമരിച്ചു. ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് ദാരുണ സംഭവം. നാരായണ മുദ്ദന (49), ഗോകുൽ മെഡിസെറ്റി(47) ഹരിത മുദ്ദന എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട മൂന്ന് പേരും അരിസോണയിലെ ചാൻഡലറിലെ താമസക്കാരാണ്. അമേരിക്കൻ പൗരത്വമുള്ളവരാണ് ഇവരെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് (സിസിഎസ്ഒ) ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഹരിതയെ വെള്ളത്തിൽ നിന്ന് വലിച്ചെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളും കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വിനോദസഞ്ചാരികളുടെ ഇഷ്ടപ്രദേശമാണ് അരിസോണയിലെ ഈ തടാകം. അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അതിശൈത്യമാണ് നേരിടുന്നത്. ഏകദേശം 250 ദശലക്ഷം ആളുകളെ അതിശൈത്യം ബാധിച്ചിട്ടുണ്ട്. അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്.
അതിശൈത്യത്തിൽ മരവിച്ച് അമേരിക്കയും കാനഡയും, ജനജീവിതം ദുസഹം, മരണസംഖ്യ 38 ആയി
സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്. ഇരുപതു കോടി ജനങ്ങൾ ഒരാഴ്ചയിലേറെയായി കൊടും ദുരിതത്തിലാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയിൽ മാത്രം ഏഴു മരണം അതിശൈത്യത്തിലുണ്ടായത്. വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലാണ്. ദിവസവും രണ്ടായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു.
പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകൾ പലയിടത്തും അടച്ചിട്ടിരിക്കുന്നു.
