ഇസ്താംബുള്‍: ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 91 മണിക്കൂറിന് ശേഷം മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. കിഴക്കന്‍ തുര്‍ക്കിയില്‍ നിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. 91ാം മണിക്കൂറില്‍ ഞങ്ങള്‍ ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു-പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം ഇസ്മിര്‍ മേയര്‍ ട്വീറ്റ് ചെയ്തു. ആദിയ ഗെസ്ഗിന്‍ എന്ന പെണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയതെന്ന് ഹെല്‍ത്ത് മീഡിയ ഫഹ്‌റെട്ടിന്‍ കോക്ക അറിയിച്ചു. പെണ്‍കുട്ടിയെ പുറത്തെടുത്ത് ആംബുലന്‍സിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തി കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നുസ്രത് അക്‌സോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവള്‍ കൈവീശി പേര് പറയുകയും വലിയ കുഴപ്പമില്ലെന്ന് പറയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ ആരോഗ്യനിലക്ക് വലിയ കുഴപ്പമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം മറ്റൊരു 14കാരിയെയും രക്ഷപ്പെടുത്തിയിരുന്നു. ഭൂകമ്പത്തില്‍ ഇതുവരെ 102 പേര്‍ മരിക്കുകയും 994 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്.