ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ, ദില്ലിയിലെ മാർക്കറ്റുകൾക്ക് സമാനമായെന്ന വീഡിയോയുമായി ഉള്ളടക്ക സൃഷ്ടാവ് ഷീന ദലാൽ ബിസ്‍ല. വഴിയോര കച്ചവടക്കാർ നിറഞ്ഞ ടൈംസ് സ്ക്വയറിന്‍റെ വീഡിയോ വൈറലായതോടെ, കുടിയേറ്റവും സംസ്കാരങ്ങളുടെ ആഗോളവൽക്കരണവും ചർച്ചയാവുകയാണ്.
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കുടിയേറ്റങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂറോപ്പിലും കാനഡയിലും യുഎസിലുമുണ്ടായത്. കുടിയേറ്റങ്ങളിലുണ്ടായ അഭൂതപൂർവ്വമായ വർദ്ധനവ് അതാത് രാജ്യങ്ങളുടെ സംസ്കാരത്തെയും വൈവിധ്യത്തെയും ഇല്ലാതാക്കുന്നുവെന്ന പരാതിയും ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഷീന ദലാൽ ബിസ്‍ല എന്ന ഉള്ളടക്ക സൃഷ്ടാവ് പങ്കുവച്ച വീഡിയോ കുടിയേറ്റങ്ങൾ സൃഷ്ടിക്കുന്ന പുതിയ ലോകത്തെ ചൂണ്ടിക്കാണിച്ചു. പിന്നാലെ കുടിയേറ്റക്കാരെ വിമർശിച്ച് കൊണ്ടുള്ള കുറിപ്പുകൾ ഉയർന്നു.
ദില്ലിയോ ടൈംസ് സ്ക്വയറോ?
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറിലെ ഒരു വീഡിയോയായിരുന്നു ഷീന തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇത് ടൈംസ് സ്ക്വയറോ അതോ ദില്ലിയോ എന്ന് അവർ ചോദിച്ചു. റോഡ് സൈഡിലെ സജീവമായ കച്ചവടം ഗ്ലോബലായെന്നും അവർ എഴുതി. ഷീന പങ്കുവച്ച വീഡിയോയിൽ ജാക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, വിന്‍റർ ക്യാപ്പുകൾ, തെരുവ് ഭക്ഷണം എന്നിവ വിൽക്കുന്ന വഴിയോര സ്റ്റാളുകൾ കാണാം. ഒന്നും രണ്ടുമല്ല, ഒരു തെരുവ് നിറയെ വഴിയോര കച്ചവടക്കാർ. ന്യൂയോർക്കിലെയും ദില്ലിയിലെ പാലിക ബസാറിലെയും കാഴ്ചകൾ തമ്മിലുള്ള സമാനതകൾ അവർ ചൂണ്ടിക്കാണിച്ചു. ഒപ്പം ചാന്ദ്‌നി ചൗക്ക് മാർക്കറ്റിന്‍റെ ഊർജ്ജത്തെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിച്ചു. ആ തിരക്കേറിയ തെരുവിലൂടെ തന്‍റെ വീഡിയോയുമായി അവർ നടന്നു നീങ്ങി.
ദില്ലി ഇതിനകം തന്നെ ആഗോളമായി
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. ശരിക്കും പറഞ്ഞാൽ, ഉയർന്ന കെട്ടിടങ്ങളുള്ള, ഒരു ശൈത്യകാല സായാഹ്നത്തിൽ പാലിക ബസാർ പോലെയാണ് ഇത് കാണപ്പെടുന്നതെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. തെരുവ് ഷോപ്പിംഗ് വൈബുകൾ സാർവത്രികമാണ്, പശ്ചാത്തലം മാത്രമേ മാറുന്നുള്ളൂവെന്നായിരുന്നു മറ്റൊരു കുറിപ്പ്. ചാന്ദ്‌നി ചൗക്കിന്‍റെ ഊർജ്ജം ലോകത്തിലെവിടെയും അനുഭവിക്കാൻ കഴിയുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. അടിസ്ഥാനപരമായി ദില്ലി ഇതിനകം തന്നെ ആഗോളമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ നിരീക്ഷണം.


