സ്വർണ്ണപാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനവും ഇന്നുണ്ടാകും. ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
സ്വർണ്ണപാളി വിവാദത്തിൽ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് സമർപ്പിക്കും
ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ കൂടുതൽ വിവരങ്ങളടങ്ങിയ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇടക്കാല റിപ്പോർട്ടിൽ കണ്ടത്തിയത് കൂടാതെ മറ്റുചില പ്രധാനപ്പെട്ട കണ്ടത്തൽ കൂടി ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും കണ്ടത്തലുണ്ടാകും. പൂർണ്ണ റിപ്പോർട്ട് നൽകിയാലുടൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കും. അതോടൊപ്പം ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ പൂർണമായും ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് നിയോഗച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദർശനത്തിന്‍റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രധാനമന്ത്രിയെ അടക്കം മുഖ്യമന്ത്രി കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ ദില്ലി സന്ദർശനത്തിന്‍റെ വിവരങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.
സമാധാന നൊബേൽ ആർക്ക്? ലോകം കാത്തിരിക്കുന്ന തീരുമാനം ഇന്നറിയാം
സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ആർക്കാകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്. 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും അത്ഭുതങ്ങൾക്ക് വകയുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. എന്തായാലും മണിക്കൂറുകൾ പിന്നിടുമ്പോൾ ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിലെ സസ്പെൻസ് അവസാനിക്കും.
ഡോക്ടറെ വെട്ടിയ കേസിലെ പ്രതി സനൂപിനായി പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അക്രമം അരങ്ങേറിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർ മാരുടെ സേവനം ഉണ്ടാകില്ല. ആശുപത്രിയിൽ അടിയന്തരമായി പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് കെ ജി എം ഒ എ സമരം തുടരുന്നത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാകില്ല.
കഫ് സിറപ്പ് ദുരന്തത്തിൽ വിശദ അന്വേഷണമുണ്ടാകുമോ? സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് പൊതു താൽപര്യ ഹർജി പരിഗണിക്കുന്നത്. അഭിഭാഷകനായ വിശാൽ തിവാരി ആണ് ഹർജി നൽകിയിട്ടുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹർജി വേഗത്തിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ജുഡീഷ്യൽ കമ്മീഷന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണമോ, വിദഗ്ധസമിതി അന്വേഷണമോ വേണമെന്നുള്ളതാണ് ഹർജിയിലെ ആവശ്യം. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ എടുത്തിട്ടുള്ള കേസ് സിബിഐക്ക് കൈമാറണമെന്നും ഹർജിയിൽ പറയുന്നു. മധ്യപ്രദേശ് സർക്കാർ രൂപം നൽകിയ പ്രത്യേക അന്വേഷണസംഘമാണ് നിലവിൽ കേസുകൾ അന്വേഷിച്ചു പോരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105, 276 വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് മരുന്ന് നിർമ്മാണ കമ്പനിക്കെതിരെ കേസെടുത്തിട്ടുള്ളത്.
പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതിയിൽ
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ടോൾ പിരിവ് പുനരാരംഭിക്കാൻ പത്തുദിവസം മുന്പ് കോടതി തീരുമാനിച്ചിരുന്നു. എന്നാൽ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതോടെ ഉത്തരവിടുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ദേശീയ പാതയിൽ സർവീസ് റോഡുകളുടെയടക്കം അവസ്ഥ മോശമാവുകയും ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തതോടെയാണ് പാലിയേക്കരയിലെ ടോൾ പിരിവ് രണ്ടുമാസം മുന്പ് ഹൈക്കോടതി തടഞ്ഞത്. നിലവിലെ അറ്റകുറ്റപ്പണിയുടെ പുരോഗതി ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും
സംഘാടന പിഴവ് ആരോപിച്ച് ഗതാഗതമന്ത്രി റദ്ദാക്കിയ ഫ്ലാഗ് ഓഫ് ഇന്ന് നടത്തും
സംഘാടന പിഴവ് ആരോപിച്ച് ഗതാഗതമന്ത്രി റദ്ദാക്കിയ ഫ്ലാഗ് ഓഫ് ഇന്ന് നടത്തും. എം വി ഡിക്കു വേണ്ടി വാങ്ങിയ 51 വാഹനങ്ങളുടെ ഫ്ലാഗ് ഓഫാണ് ഇന്ന് നടക്കുക. കനകകുന്നിൽ സംഘടിപ്പിച്ച പരിപാടിയാണ് ഗതഗാതമന്ത്രി ഉദ്യോഗസ്ഥരുടെ പങ്കാളിത്വത്തിലെ കുറവ് കാരണം റദ്ദാക്കിയത്. ഇന്ന് പേരൂക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് 10 മണിക്കാണ് ഫ്ലാഗ് ഓഫ്. പരിപാടി ഗംഭീരമാക്കാൻ എം വി ഡിയിലെയും കെ എസ് ആർ ടി സിയിലെയും ഉദ്യോഗസ്ഥരോട് പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി എടുക്കും
നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി എടുക്കും. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്കിളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം. വീട്ടമ്മയെ ജോസ് ജീവിക്കാൻ അനുവദിക്കുന്നില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ കുറിപ്പിലുണ്ടെന്നാണ് ബന്ധുക്കളും പറയുന്നത്. ബുധനാഴ്ച്ചയാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയത്.
ഭൂട്ടാൻ കാർ കടത്തിൽ സമഗ്ര അന്വേഷണം
ഭൂട്ടാൻ കാർ കടത്തിൽ സമഗ്രമായ അന്വേഷണം തുടർന്ന് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ്. വാഹനങ്ങൾ രാജ്യതിർത്തി കടത്തി കൊണ്ടുവന്നത്തിൽ പണം ഇടപാടിന്റെയും വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങൾ ലഭിക്കാനായി പിടിച്ചെടുത്ത രേഖകളുടെ ഫോറെൻസിക്ക് പരിശോധനയിലേക്ക് അന്വേഷണ സംഘം കടന്നു. കസ്റ്റംസിനൊപ്പം മറ്റു സംസ്ഥാങ്ങളിലെ ആർ. ടി ഒകളും പോലീസും ഇ. ഡിയെ സഹായിക്കുണ്ട്. ഇടനിലകാരെന്ന് ഇ. ഡി ആരോപിക്കുന്ന കോയമ്പതൂരിലെ ഷൈൻ മോട്ടോസ് സംഘത്തിലെ രണ്ടു പേരെ മാത്രമാണ് ഇതുവരെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കൂടുതൽ ആളുകളെ കണ്ടെത്തിയതായും അന്വേഷണത്തിന്റെ ഭാഗമായി ഉടൻ ചോദ്യം ചെയ്യും എന്നും ഇ ഡി അറിയിച്ചു. അതേസമയം പൂഴ്ത്തിവച്ച കൂടുതൽ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. ഇന്നലെ മൂന്ന് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു.
കരൂർ ദുരന്തത്തിൽ ടിവികെ ഹർജി സുപ്രീം കോടതിയിൽ
കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ജെ കെ മഹേശ്വരി, NV അഞ്ചാരിയ എന്നിവ അടങ്ങിയ രണ്ടംഗ ബെഞ്ച്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാവ് ജി എസ് മണി നൽകിയ ഹർജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. സംസ്ഥാന പോലീസിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരില്ലെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ടിവികെ പറയുന്നു. ഒക്ടോബർ 3നാണ് മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. നിലവിൽ ടിവികെ നേതാക്കളുടെ ജാമ്യ ഹർജി സുപ്രീംകോടതിക്ക് മുൻപിൽ ഉണ്ട്.
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ഡൽഹിയിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. അഹമ്മദാബാദിലെ ഇന്നിംഗ്സ് വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യ കളത്തിലെത്തുക. ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്താൻ പാടുപെടുന്ന വെസ്റ്റ് ഇൻഡീസിനെ അനായാസം പരാജയപ്പെടുത്താമെന്നാണ് പ്രതീക്ഷ. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ശുഭ്മൻ ഗില്ലിനും സംഘത്തിനും വ്യക്തമായ മേൽക്കൈയുണ്ടെന്നാണ് വിലയിരുത്തൽ. സായ് സുദർശന് പകരം ദേവ്ദത്ത് പടിക്കലിനെ പരിഗണിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്. രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് ത്രയത്തിന്റെ സ്പിൻ മികവിനേയും ജസ്പ്രീത് ബുംറ - മുഹമ്മദ് സിറാജ് ജോഡിയുടെ വേഗപന്തുകളേയും അതിജീവിക്കുകയാവും വിൻഡീസിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.


