ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം

കര്‍ണാടകത്തില്‍ നിന്നുള്ള പ്രതിഷേധം; 'ലോക'യിലെ ആ ഡയലോഗ് ഒഴിവാക്കും, പ്രതികരണവുമായി നിര്‍മ്മാതാക്കള്‍

ബോക്സ് ഓഫീസിലെ വമ്പൻ ഹിറ്റ് ചിത്രം ലോക: ചാപ്റ്റർ 1 ൽ ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്ന സംഭാഷണ വിവാദത്തിന് പിന്നാലെ ക്ഷമ ചോദിച്ച് രംഗത്തെത്തി. ചിത്രത്തിന്‍റെ നിർമാതാക്കളായ വേഫെറർ ഫിലിംസാണ് ക്ഷമാപണം നടത്തിയത്. ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നിർമാതാക്കൾ അറിയിച്ചു. ബോധപൂർവമല്ലെന്നും എത്രയും വേഗം ഡയലോഗ് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും സോഷ്യൽ മീഡിയയിലൂടെ ഇവർ അറിയിച്ചു. ജനങ്ങളുടെ മനോവിഷമത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും വിനീതമായി അപേക്ഷിക്കുന്നതായും വേഫെറർ ഫിലിംസ് വ്യക്തമാക്കി.

'ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു'; മലയാള സിനിമകള്‍ക്കെതിരെ പരാതി, അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്

മലയാളത്തിലെ ഓണം റിലീസ് ആയി എത്തി വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ലോകയ്ക്കെതിരെ കര്‍ണാടകയില്‍ പരാതി. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ചിത്രം ബെംഗളൂരുവിനെയും ബെംഗളൂരുവിലെ യുവതികളെയും മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ലോകയെ കൂടാതെ ആവേശം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളും ബെംഗളൂരുവിനെ ലഹരിയുടെ ഹബ്ബായി ചിത്രീകരിച്ചുവെന്നും മലയാള സിനിമകള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിഘ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതി സിസിബി (സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്) അന്വേഷിക്കുമെന്നും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ദ് കുമാര്‍ സിംഗ് പ്രതികരിച്ചു.

പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിൽ; ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു, ഓണം ഘോഷയാത്രക്ക് നേരിട്ടെത്തി ക്ഷണം

ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിൽ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്‍റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്‍ഭവനിൽ നിന്ന് മടങ്ങിയത്. സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിയിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഓണം ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും.

രാഷ്ട്രപതിയുടെ റഫറൻസ്; ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ഇതിൻ്റെ പേരിൽ അധികാരങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വാക്കാൽ പരാമർശിച്ചു.

ആഗോള അയ്യപ്പ സം​ഗമം; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ക്ഷണിക്കാനെത്തി, കാണാൻ സമ്മതിക്കാതെ വിഡി സതീശൻ, കത്ത് ഓഫീസിൽ നൽകി മടങ്ങി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഓഫീസിൽ ഏല്‍പ്പിച്ചെന്ന് പിഎസ്‍ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല, 8 പ്രതികളുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി

ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെയും ജാമ്യാപേക്ഷയാണ് ദില്ലി ഹൈക്കോടതി ഇന്ന് തള്ളിയത്. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ.

മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു, എല്ലാ അമ്മമാരെയും കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിച്ചു; വൈകാരികമായി പ്രതികരിച്ച് മോദി

അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺ​ഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി വൈകാരികമായി പ്രതികരിച്ചു. തന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു. തന്‍റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോദിയുടെ വൈകാരിക പ്രതികരണം. കോണ്‍ഗ്രസും ആര്‍ജെഡിയും എല്ലാ അമ്മമാരെയുമാണ് അപമാനിച്ചിരിക്കുന്നത്.

കേരള സര്‍വകലാശാല തര്‍ക്കത്തിൽ സമവായം; മിനി കാപ്പനെ മാറ്റും; താൽക്കാലിക രജിസ്ട്രാറുടെ പകരം ചുമതല ഡോ. രശ്മിക്ക്

കേരള സർവകലാശാലയിൽ സമവായത്തിലെത്തി വിസിയും ഇടത് സിൻ‍ഡിക്കേറ്റ് അംഗങ്ങളും. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന് പകരം ഡോ. രശ്മിക്ക് ചുമതല നൽകണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചു. രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്‍റെ സസ്പെൻഷൻ അംഗീകരിക്കില്ലെന്ന നിലപാടിൽ നിന്ന് ഇടത് അംഗങ്ങൾ പിന്നോട്ടുപോയി. എന്നാൽ, സസ്പെൻഷനിൽ തീരുമാനം കോടതി എടുക്കട്ടെയെന്നാണ് ഇടത് നിലപാട്. കേരളയെ തർക്കശാലയാക്കിയ വിസി സിൻഡിക്കേറ്റ് പോരിനാണ് ഇതോടെ താത്കാലിക വിരാമമാകുന്നത്. രജിസ്ട്രാറായി വിസി താത്കാലിക ചുമതല നൽകിയ ഡോ. മിനി കാപ്പനെ സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.