രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ തടഞ്ഞു, താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ട്രംപിന്റെ തീരുവ പ്രാബല്യത്തിൽ വരുന്നു, ഡോ. ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കറിലേക്ക്, ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്, പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ നടപടി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകും, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി; മുഖ്യമന്ത്രി

മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെതിരെ നിയമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിമർശനവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല, എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; കാറിൽ നിന്നിറങ്ങി എംപി, പ്രവർത്തകരുമായി വാഗ്വാദം

ഷാഫി പറമ്പിൽ എംപിയെ വടകരയിൽ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലംപ്രയോ​ഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടാണ് ഷാഫി മുന്നോട്ട് വെച്ചത്.

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗത യോഗ്യമാക്കുന്നത് വൈകും

താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കിയെന്ന് പ്രതികരണം

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.

എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോൺഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്.

ബിജെപിയിൽ പീഡന പരാതി; സി കൃഷ്ണകുമാറിനെതിരെ പരാതിയുമായി പാലക്കാട് സ്വദേശി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയിലും പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നൽകിയത്. വ്യാജ പരാതിയെന്നാണ് കൃഷ്ണകുമാറിന്‍റെ വാദം. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. 2014 ലാണ് ആദ്യം പരാതി ഉയർന്നത്. അന്ന് കോടതി തള്ളിയ ആരോപണമാണെന്നും കൃഷ്ണകുമാർ വിശദീകരിച്ചു.

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കും

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു.

ട്രംപിന്‍റെ ഇന്ത്യക്കെതിരായ അധിക തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകൾ, വിരട്ടലിന് മുന്നിൽ വഴങ്ങില്ലെന്ന് ഇന്ത്യ; പ്രതികാര തീരുവ ആലോചനയിൽ

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകൾ മാത്രം. ഇന്ത്യക്കെതിരെ ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരും. ഇക്കാര്യം വ്യക്തമാക്കി യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് നോട്ടീസും പുറത്തിറക്കി. അതേസമയം ട്രംപിന്‍റെ തീരുവ പ്രാബല്യത്തിലാകാനിരിക്കെ ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കറിലേക്ക്; പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രി

അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാര ജേതാവുമായ ഡോ . ബിജു സംവിധാനം ചെയ്ത പാപ്പുവ ന്യൂ ഗിനി- ഇന്ത്യ കോ പ്രൊഡക്ഷന്‍ സിനിമ ആയ 'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്.